അവനൊപ്പം; രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി പത്തനംതിട്ട ജില്ലാ യുഡിഎഫ് പഞ്ചായത്തംഗം
പത്തനംതിട്ട: ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി പത്തനംതിട്ട ജില്ലാ യുഡിഎഫ് പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ. ഫേസ്ബുക്ക് ലൈവിലൂടെ അവനൊപ്പം എന്ന പേരിലാണ് പ്രതികരണം. അതിജീവിതന്റെ ഭാഗം കൂടി കേള്‍ക്കണമെന്നും താന്‍ അവനൊപ്പമാണെന്നും ശ്രീനാദേവി വ്യക്തമാക്കി.
'രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന പരാതികളില്‍ പലയിടത്തും സംശയമുണ്ട്. ഒന്നാമത്തെ പരാതിയില്‍ പീഡന ആരോപണം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ പരാതിയിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പുതിയ പരാതിയില്‍ പെണ്‍കുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേള്‍ക്കുമ്പോള്‍ വേദനയുണ്ട്. എന്നാല്‍ പീഡനത്തിനുശേഷം പ്രതി ചെരിപ്പ് വാങ്ങി നല്‍കി, ഫ്‌ളാറ്റ് വാങ്ങാന്‍ ശ്രമിച്ചു എന്നൊക്കെയുള്ള മൊഴികള്‍ കേള്‍ക്കുമ്പോള്‍ ചില സംശയങ്ങള്‍ തോന്നുന്നില്ലേ?
സ്ത്രീകള്‍ കുടുംബ ബന്ധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. വിവാഹിതരാണെങ്കില്‍ ആ ബന്ധത്തിന്റെ വില കല്‍പ്പിക്കണം. രാഹുല്‍ കുറ്റക്കാരനാണോയെന്ന് കോടതി തീരുമാനിക്കട്ടെയെന്നും ശ്രീനാദേവി പറഞ്ഞു. കുടുംബം ഒരാള്‍ക്ക് മാത്രമല്ലെന്നും രണ്ടു കൂട്ടര്‍ക്കുമുണ്ടെന്നും അവര്‍ ലൈവില്‍ പറഞ്ഞു.