ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ 1,993 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 35,043 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ ആണ് കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 564 പേര്‍ ആശുപത്രി വിട്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ രോഗബാധിതരായി രാജ്യത്ത് 25,007 പേരുണ്ട്. ഇതുവരെ ആകെ 8,888 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക്കുകള്‍ ധരിക്കല്‍ തുടങ്ങിയ ശീലങ്ങള്‍ ഒരാള്‍ക്ക് രോഗമുണ്ടെന്നതിന്റെ തെളിവല്ലെന്നും അയാള്‍ക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്തത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇപ്പോഴും രോഗവ്യാപനത്തില്‍ മുന്നില്‍. മെയ് മൂന്നിന് ലോക്ക് ഡൗണില്‍ ഇളവുകള്‍ അനുവദിക്കണോ എന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗത്തിനു ശേഷം മാത്രമേ തീരുമാനമാവൂ എന്നും അദ്ദേഹം പറഞ്ഞു.