വയനാട്ടില്‍ രാഹുലിനെ പരാജയപ്പെടുത്താന്‍ പ്രവര്‍ത്തിക്കുമെന്ന് പ്രകാശ് കാരാട്ട്

രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തോടെ കോണ്‍ഗ്രസ് കേരളത്തില്‍ ലക്ഷ്യമിടുന്നത് ഇടതുപക്ഷത്തെയാണെന്ന് വ്യക്തമായതായും കാരാട്ട് പറഞ്ഞു.

Update: 2019-03-31 09:46 GMT

ന്യൂഡല്‍ഹി: വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുമെന്നുള്ള പ്രഖ്യാപനത്തിനു പിന്നാലെ കടുത്ത പ്രതിരോധമുയര്‍ത്തി സിപി.എം. ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാണ് സിപിഎം.

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തോല്‍വി ഉറപ്പാക്കാനുള്ള പ്രവര്‍ത്തനം നടത്തുമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഎം നേതൃത്വം നല്‍കുന്ന ഇടതു ജനാധിപത്യ മുന്നണി സിപിഐയുടെ പി പി സുനീറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ശക്തമായ പ്രചാരണവുമായി മുന്നോട്ട് പോവുകയാണ്. രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തോടെ കോണ്‍ഗ്രസ് കേരളത്തില്‍ ലക്ഷ്യമിടുന്നത് ഇടതുപക്ഷത്തെയാണെന്ന് വ്യക്തമായതായും കാരാട്ട് പറഞ്ഞു. ദേശീയതലത്തില്‍ ബിജെപിയെ എതിര്‍ക്കുകയെന്ന കോണ്‍ഗ്രസ് നയത്തിന് വിരുദ്ധമാണ് രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വമെന്നും കാരാട്ട് വ്യക്തമാക്കി. നേരത്തെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു.

കേരള മുഖ്യമന്ത്രി പിണറായി വിജയനും രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ കടുത്ത പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് മണ്ഡലത്തില്‍ രാഹുല്‍ മല്‍സരിക്കുക വഴി ദക്ഷിണേന്ത്യയില്‍ പ്രഭാവമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍.

Tags: