ന്യൃഡല്‍ഹി: പല തിരഞ്ഞെടുപ്പുകളും നിരവധി വലിയ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കാറ്. അതില്‍ എല്ലാ പ്രാവശ്യവും പ്രധാനമായി വരാറുള്ളത് സ്ത്രീകള്‍ക്ക് വാഗ്ധാനം ചെയ്യുന്ന പദ്ധതികളാണ്. എന്നാല്‍ പല സ്ത്രീ കേന്ദ്രീകൃത പദ്ധതികളും അതത് പാര്‍ട്ടികള്‍ അധികാരത്തില്‍ വന്നാല്‍ പാലിക്കാറില്ല എന്നതാണ് യാഥാര്‍ഥ്യം.
തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാനുള്ള തന്ത്രമായി ഈ പദ്ധതികള്‍ പലപ്പോഴും ആരംഭിക്കാറുണ്ടെങ്കിലും, സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ കാരണം പിന്നീട് മാറ്റപ്പെടുന്നു. ഗവേഷണങ്ങള്‍ കാണിക്കുന്നത് ഇത്തരം പദ്ധതികള്‍ തിരഞ്ഞെടുപ്പുകളില്‍ വിജയ തന്ത്രമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നാണ്. എന്നാല്‍ തിരഞ്ഞെടുപ്പിനുശേഷം, ഈ പദ്ധതികളില്‍ നിരവധി പ്രധാന മാറ്റങ്ങള്‍ വരുത്തുകയും അവയുടെ അടിസ്ഥാന സ്വഭാവം മാറ്റുകയും ചെയ്യുന്നു.
എംകെ റിസര്‍ച്ചിന്റെ കണക്കനുസരിച്ച്, സ്ത്രീകള്‍ക്കുള്ള പണ കൈമാറ്റ പദ്ധതികള്‍ക്കായുള്ള സംസ്ഥാനങ്ങളുടെ ചെലവ് 2025 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റില്‍ നിന്ന് 2026 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റിലേക്ക് ജിഡിപിയുടെ 0.1 ശതമാനം കുറഞ്ഞു.
സാമ്പത്തിക സമ്മര്‍ദ്ദം വര്‍ദ്ധിച്ചതിനാല്‍ ഹരിയാന, മഹാരാഷ്ട്ര, ഒഡീഷ ഉള്‍പ്പെടെയുള്ള നിരവധി സംസ്ഥാനങ്ങള്‍ വലിയ തോതില്‍ ഇവ വെട്ടിക്കുറച്ചിട്ടുണ്ടെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.പലപ്പോഴും വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ രാജ്യത്തെ പല സംസ്ഥാനങ്ങളും പരാജയപ്പെടുന്നു. തിരഞ്ഞെടുപ്പു ഗോദയിലേക്കിറങ്ങുമ്പോള്‍ പറയാനുള്ള കാര്യങ്ങള്‍ മാത്രമായി പദ്ധതികള്‍ മാറുന്നുവെന്നും വിജയിച്ചാല്‍ അവ കേവലം പദ്ധതികളായി മാത്രം നിലകൊള്ളുന്നുവെന്നു മാത്രം വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.
