കുറ്റക്കാരായ ആരെയും സംരക്ഷിക്കില്ല; പത്മകുമാറിന്റെ അറസ്റ്റില്‍ പ്രതികരിച്ച് എം വി ഗോവിന്ദന്‍

Update: 2025-11-20 10:51 GMT

തിരുവനന്തപുരം: കുറ്റക്കാരായ ആരെയും സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്‍. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റിലായ വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍. പത്മകുമാറിന്റെ അറസ്റ്റ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കില്ലെന്നും തിരഞ്ഞെടുപ്പിനെ ഒരുതരത്തിലും അത് ബാധിക്കില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. സിപിഎമ്മിന്റെ കൈ ശുദ്ധമാണെന്നും കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നവര്‍ക്കുമാത്രമേ പാര്‍ട്ടിയില്‍ സ്ഥാനമുള്ളൂ എന്നും ഗോവിന്ദന്‍ പറഞ്ഞു.

തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ നടന്ന എസ്ഐടിയുടെ ചോദ്യം ചെയ്യലിനു പിന്നാലെയാണ് പത്മകുമാര്‍ അറസ്റ്റിലായത്. എസ്ഐടി തലവന്‍ എസ്പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു ഇന്ന് ചോദ്യം ചെയ്യല്‍ നടന്നത്. എന്‍ വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന്റെ അറസ്റ്റ്. ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യുട്ടീവ് ഓഫിസര്‍ ഡി സുധീഷ്‌കുമാര്‍, മുന്‍ ദേവസ്വം കമ്മിഷണറും അധ്യക്ഷനുമായിരുന്ന എന്‍ വാസു എന്നിവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ അറസ്റ്റിലായത്.

എന്‍ വാസു ദേവസ്വം ബോര്‍ഡ് കമ്മിഷണറായിരിക്കെ പത്മകുമാറായിരുന്നു ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍. 2019ല്‍ ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണവും കട്ടിളപ്പാളികളും അറ്റകുറ്റപ്പണിക്കായി അഴിച്ച് കൊണ്ടുപോകുമ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നത് എ പത്മകുമാര്‍ ആയിരുന്നു.

Tags: