നിതീഷ് കുമാര്‍ തന്റെ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കുമോ? പരിഹാസവുമായി ആര്‍ജെഡി നേതാവ് മനോജ് ഝാ

Update: 2020-12-26 09:39 GMT

ന്യൂഡല്‍ഹി: നിതീഷ് കുമാര്‍ തന്റെ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കാനാണോ ഉദ്ദേശിക്കുന്നതെന്ന പരിഹാസവുമായി ബീഹാര്‍ ആര്‍ജെഡി നേതാവ് മനോജ് ഝാ. അരുണാചലില്‍ ആറ് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍ ലയിച്ച സാഹചര്യത്തിലാണ് ബീഹാര്‍ ആര്‍ജെഡി മേധാവിന്റെ പരിഹാസം. അരുണാചലില്‍ സംഭവിച്ചത് ഏറെ താമസിയാതെ ബീഹാറില്‍ ആവര്‍ത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി.

ഏഴ് എംഎല്‍എമാരില്‍ ആറ് പേരും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നത് അദ്ഭുതകരമാണ്. അവര്‍ക്ക് അങ്ങനെ ചെയ്യാന്‍ നിതീഷ് കുമാറില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ടോ? അദ്ദേഹം തന്റെ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കുമോ?- ഝാ ചോദിച്ചു.

നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായത് വെറും 43 എംഎല്‍എമാരെ വച്ചാണ്. അഞ്ചാറ് മാസം കാത്തിരിക്കാന്‍ ഞാന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ അതിന്റെ സൂചനകള്‍ അരുണാചലില്‍ നിന്ന് പുറത്തുവന്നിരിക്കുന്നു. ഏറെ താമസിയാതെ അത് ബീഹാറിലും എത്തിച്ചേരും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആറ് എംഎല്‍എമാര്‍ രാജിവച്ച ശേഷം അരുണാചലിലെ 60 അംഗ നിയമസഭില്‍ നിലവില്‍ ഒരു എംഎല്‍എമാത്രമാണ് ജെഡിയുവിനുള്ളത്. ബിജെപിയും ജെഡിയുവും ബീഹാറില്‍ സഖ്യകക്ഷിയുമാണ്.

Similar News