ജീവിതാവസാനം വരെ ജനങ്ങളെ സേവിക്കുന്നത് തുടരും: നവീന്‍ പട്‌നായിക്

Update: 2025-10-16 11:04 GMT

ഭുവനേശ്വര്‍: ജീവിതാവസാനം വരെ സംസ്ഥാനത്തെയും ജനങ്ങളെയും സേവിക്കുന്നത് തുടരുമെന്ന് ഒഡീഷയിലെ പ്രതിപക്ഷ നേതാവും ബിജെഡി പ്രസിഡന്റുമായ നവീന്‍ പട്‌നായിക്. 79-ാം ജന്മദിനത്തില്‍ പാര്‍ട്ടിയുടെ വാര്‍ഷിക 'ജന്‍ സമ്പര്‍ക്ക് പദയാത്ര'യില്‍ പങ്കെടുക്കവെയാണ് പട്നായിക് ഇക്കാര്യം പറഞ്ഞത്.

ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ചികില്‍സക്ക് ആറുമാസത്തിനുശേഷമാണ് അദ്ദേഹം പൊതുപരിപാടിയില്‍ പങ്കെടുന്നത്. 'ഞാന്‍ എപ്പോഴും നിങ്ങളോടൊപ്പമുണ്ട് . അങ്ങനെ തന്നെ തുടരും. എന്റെ ജീവിതാവസാനം വരെ ഞാന്‍ അമ്മയായ ഒഡീഷയെ സേവിക്കുന്നത് തുടരും,' പട്നായിക് സമ്മേളനത്തില്‍ പറഞ്ഞു. 'ജയ് ജഗന്നാഥ്' എന്ന മുദ്രാവാക്യത്തോടെയാണ് പട്‌നായിക് തന്റെ ഹ്രസ്വ പ്രസംഗം ആരംഭിച്ചത്. ബിജെഡിയുടെ വാര്‍ഷിക യാത്രയില്‍ പങ്കെടുത്ത എല്ലാവരോടും പട്‌നായിക് നന്ദി പറഞ്ഞു.

ഒക്ടോബര്‍ ഒമ്പതിന് ആരംഭിച്ച ജന്‍ സമ്പര്‍ക്ക് പദയാത്ര നവംബര്‍ ഒമ്പതുവരെ തുടരും. ഒരു മാസം നീണ്ടുനില്‍ക്കുന്ന യാത്രയില്‍, ബിജെപി സര്‍ക്കാരിന്റെ പരാജയം ബിജെഡി ഉയര്‍ത്തിക്കാട്ടും.

Tags: