വന്യജീവി സംഘര്‍ഷം; സംസ്ഥാനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം അംഗീകരിച്ചില്ലെന്ന് മുഖ്യമന്ത്രി

Update: 2025-08-31 12:03 GMT

തിരുവനന്തപുരം: വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ സംസ്ഥാനം നിര്‍ദ്ദേശങ്ങള്‍ നല്‍കിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിന്നെ എങ്ങനെ പ്രശ്‌നം പരിഹരിക്കാനാകും. ഈ അവസ്ഥ മറച്ചു വെച്ചാണ് സംസ്ഥാനത്തിനുമേല്‍ കേന്ദ്രം അകാരണമായി കുറ്റമാരോപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്നാണ് ആവശ്യം. എന്നാല്‍ കേന്ദ്രം അതിന് തയ്യാറാകുന്നില്ലെന്നും പിന്നെ എങ്ങനെ പ്രശ്‌നം ശാശ്വതമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. മൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള നടപടിക്രമങ്ങള്‍ അതിസങ്കീര്‍ണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വസ്തുത കാണാതെയാണ് ചിലര്‍ സര്‍ക്കാര്‍ എന്തു ചെയ്‌തെന്ന് ചോദിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ലഘൂകരണ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി വിശദമാക്കി. 45 ദിവസം കൊണ്ട് മൂന്നുഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കും. ഓരോ ഘട്ടത്തിനും 15 ദിവസമാണ് കാലാവധി. തദ്ദേശ തലത്തില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ രൂപീകരിക്കാനും പദ്ധതിയില്‍ തീരുമാനിച്ചിട്ടുണ്ട്. പ്രാദേശിക തലത്തില്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ക്ക് അവിടെത്തന്നെ പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി വിശദമാക്കി.

രണ്ടാംഘട്ടത്തില്‍ ജില്ലാതല പ്രശ്‌നങ്ങളാണ് പരിശോധിക്കുക. കൂടുതല്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ സംസ്ഥാനതലത്തിലാണ് പരിശോധിക്കുക. സംസ്ഥാനത്തിനു പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും. ഓരോ ഘട്ടത്തിലും സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Tags: