മറയൂര്‍: കാന്തല്ലൂര്‍ മേഖലയിലെ കാട്ടാന ശല്യം വീണ്ടും രൂക്ഷമാകുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ കാന്തല്ലൂര്‍ സ്വദേശി പ്രതീഷ് നടത്തുന്ന റിസോര്‍ട്ടിലാണ് രണ്ട് കാട്ടാനകള്‍ കയറി വന്‍ നാശനഷ്ടം വരുത്തിവെച്ചത്. റിസോര്‍ട്ടിലെ കമ്പിവേലി തകര്‍ക്കുകയും കോംപൗണ്ടിലെ വാഴക്കൃഷി പൂര്‍ണമായും നശിപ്പിക്കുകയും ചെയ്തു.
പത്തു വര്‍ഷത്തോളമായി ലീസിന് എടുത്ത് നടത്തുന്ന 'നെസ്റ്റ് കോട്ടെജ്' വളപ്പിലാണ് ആനകള്‍ കയറി നാശം വിതച്ചത്. അഞ്ചാം തവണയാണ് കാട്ടാനകള്‍ റിസോര്‍ട്ട് വളപ്പിനുള്ളില്‍ കടക്കുന്നത്.
കഴിഞ്ഞവര്‍ഷം കാട്ടാനകളുടെ ആക്രമണം വ്യാപകമായി നടന്നിരുന്നു. കൃഷിനാശവും മനുഷ്യര്‍ക്കുനേരെയുള്ള ഭീഷണിയും ശക്തമായതിനെ തുടര്‍ന്ന് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ കാട്ടാനകളെ വനത്തിലേക്ക് തുരത്തിയെങ്കിലും, കഴിഞ്ഞയാഴ്ച മുതല്‍ വീണ്ടും കാട്ടാനകള്‍ പ്രദേശത്ത് എത്തി ശല്യം ആരംഭിച്ചതായി നാട്ടുകാര്‍ പറയുന്നു.
വനംവകുപ്പ് നടപടി സ്വീകരിക്കാതെ തുടരുകയാണെങ്കില്‍ വീണ്ടും പ്രതിഷേധത്തിന് തയ്യാറാകേണ്ടിവരും എന്നാണ് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കിയത്.
റിസോര്‍ട്ടിനുള്ളില്‍ കാട്ടാനകള്‍ കയറിയ വിവരം അറിയിച്ചെങ്കിലും വനംവകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തിയത് രാവിലെ ആറുമണിയോടെയായിരുന്നുവെന്ന് റിസോര്‍ട്ട് ഉടമ ആരോപിച്ചു.
ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നിന്നുള്ള കാട്ടാനകള്‍ വനാതിര്‍ത്തിക്ക് സമീപമുള്ള പാമ്പന്‍പാറ, പുതുവെട്ട്, പെരടിപള്ളം, വേട്ടക്കാരന്‍ കോവില്‍, ശിവന്‍പന്തി തുടങ്ങിയ വഴികളിലൂടെ ജനവാസ മേഖലയില്‍ എത്തുന്നതായും നാട്ടുകാര്‍ പറയുന്നു.
ഈ പാതകളില്‍ വനപാലകരുടെ നിരീക്ഷണം ശക്തമാക്കി കാട്ടാനകളെ വനത്തിലേക്ക് തന്നെ തുരത്തണമെന്നാണ് പ്രദേശവാസികള്‍ ആവശ്യമുന്നയിക്കുന്നത്.
