തിരുവനന്തപുരം: പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് സ്‌കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. പാലോട് ഇടിഞ്ഞാർ സ്വദേശി ജിതേന്ദ്രനെയാണ് ഇന്നു രാവിലെ കാട്ടാന ആക്രമിച്ചത്. രാവിലെ സ്‌കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ഓടാൻ ശ്രമിച്ചെങ്കിലും അടുത്തെത്തിയ കാട്ടാനയുടെ ചവിട്ടിൽ ജിത്രന്ദ്രൻ്റെ വാരിയല്ലിന് ഗുരുതര പരിക്ക് പറ്റി. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലാണ് ജിതേന്ദ്രൻ
കഴിഞ്ഞ കുറച്ചു മാസങ്ങളായി കാട്ടാന,പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നതിനിടെയാണ് ആക്രമണം. ആദ്യമായാണ് ആന ഇവിടെ ആളുകളെ ആക്രമിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു. എത്രയും വേഗം ശക്തമായ നടപടി പ്രദേശത്തെ കാട്ടാന ശല്യത്തിനെതിരേ സ്വീകരിക്കണമെന്നും അല്ലെങ്കിൽ അത് തങ്ങളുടെ ജീവിതം തകിടം മറിക്കുമെന്നും നാട്ടുകാർ വ്യക്തമാക്കി.