ബംഗ്ലാദേശില്‍ വ്യാപക ആക്രമം; ബിഎന്‍പി നേതാവിന്റെ വീടിന് തീയിട്ടു, ഏഴു വയസ്സുകാരി വെന്തുമരിച്ചു
ധാക്ക: ബംഗ്ലാദേശില്‍ വ്യാപക ആക്രമം. ലക്ഷ്മിപൂര്‍ സദറില്‍ വീട് പൂട്ടിയ ശേഷം അക്രമികള്‍ പെട്രോള്‍ ഒഴിച്ച് തീയിട്ടു. 7 വയസ്സുകാരി തീയില്‍ വെന്തുമരിച്ചെന്നാണ് റിപോര്‍ട്ട്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) നേതാവ് ബിലാല്‍ ഹൊസൈന്റേതാണ് വീട്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നതെന്ന് പോലിസ് പറഞ്ഞു. ബിലാലിന്റെ ഏഴ് വയസ്സുള്ള മകള്‍ ആയിഷ അക്തര്‍ തീപിടുത്തത്തില്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ബിലാല്‍ ഹൊസൈനും മറ്റ് രണ്ട് പെണ്‍മക്കളായ സല്‍മ അക്തര്‍ (16), സാമിയ അക്തര്‍ (14) എന്നിവര്‍ക്കും ഗുരുതരമായ പൊള്ളലേറ്റു. ബിലാല്‍ ലക്ഷ്മിപൂര്‍ സദര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്, അതേസമയം രണ്ട് പെണ്‍മക്കളുടെയും നില ഗുരുതരമാണെന്നാണ് വിവരം.