പ്രണയനിരാസം; ഹിന്ദു പെണ്‍കുട്ടിയുടെ കൊലപാതകത്തിനെതിരേ പാകിസ്താനില്‍ വ്യാപക പ്രതിഷേധം
ഇസ് ലാമാബാദ്; പ്രണയം നിരസിച്ചതിന്റെ പേരില്‍ ഹിന്ദു പെണ്‍കുട്ടിയെ മുസ് ലിം യുവാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ പാകിസ്താനില്‍ വ്യാപക പ്രതിഷേധം. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് കൊലപാതകം നടന്നത്. കൗമാരക്കാരിയെ കൊലപ്പെടുത്തിയതിനെതിരേ പ്രതിപക്ഷനേതാക്കളും ആക്റ്റിവിസ്റ്റുകളും രംഗത്തുവന്നിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലും വലിയ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
സിന്ധിലെ ഷുക്കൂര്‍ പ്രദേശത്ത് താമസിക്കുന്ന പൂജ കുമാരിയാണ് കൊല്ലപ്പെട്ടത്. 18 വയസ്സായിരുന്നു.
പാകിസ്താനിലെ പ്രമുഖ പത്രമായ ഡോണ്‍ റിപോര്‍ട്ട് ചെയ്തതനുസരിച്ച് കൊലപാതകം നടത്തിയ വാഹിദ് ബക്‌സ് ലഷാരിയെ അറസ്റ്റ് ചെയ്തു.
പ്രതിയും മറ്റ് രണ്ട് പേരും ചേര്‍ന്ന് പൂജയുടെ വീട്ടിലേക്ക് ഇടുച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നു.
ലഷാഹിയ്ക്ക് പൂജയെ വിവാഹം കഴിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, പെണ്‍കുട്ടി നിരസിച്ചു.
മാര്‍ച്ച് 22ന് പെണ്‍കുട്ടിയുടെ മരണവാര്‍ത്ത പുറത്തുവന്നശേഷം സാമൂഹികമാധ്യമങ്ങളില്‍ ജസ്റ്റിസ് ഫോര്‍ പൂജ ഹാഷ് ടാഗ് ട്രന്‍ഡിങ്ങാവുകയാണ്.
പൂജ കുമാരി എന്ന ഹിന്ദു പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകം ഏറ്റവും നിന്ദ്യവും അപലപനീയവുമാണ്. ഹൃദയഭേദകമായ ഇത്തരം സംഭവങ്ങള്‍ നമ്മുടെ പരാജയമാണ്. നമുക്കത് നാണക്കേടാണ്- പാകിസ്താനി മുസ് ലിംലീഗ് നവാസ് വിഭാഗം പ്രസിഡന്റ് ഷെഹബാസ് ഷെരീഫ് ട്വീറ്റ് ചെയ്തു.
ഹിന്ദു യുവതിയുടെ കൊലപാതകത്തെ അപലപിക്കുന്നതായി പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് (പിപിപി) ബിലാവല്‍ ഭൂട്ടോ പറഞ്ഞു.
മലാലയുടെ പിതാവ് സിയാവുദ്ദീനും കൊലപാതകത്തെ അപലപിച്ചു.
