കുവൈത്തില്‍ വ്യാപക വൈദ്യുതി തടസ്സം; ഉപഭോഗത്തിലെ അസന്തുലിതാവസ്ഥയെന്ന് വിലയിരുത്തല്‍

Update: 2020-07-31 19:12 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വൈദ്യുതി തടസ്സം നേരിട്ടു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രാജ്യത്തെ വൈദ്യുതി ഉപയോഗത്തില്‍ റെക്കോഡ് വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് ഇന്ന് വൈകീട്ട് വൈദ്യുതി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ചേര്‍ന്നു.

രാജ്യത്തെ വൈദ്യുതി നിലയങ്ങളുടെ ഉല്‍പാദന ശേഷി ആശ്വാസകരവും എത്ര ഉയര്‍ന്ന ഉപയോഗവും ഉള്‍ക്കൊള്ളാന്‍ പ്രാപ്തവുമാണ്. എന്നാല്‍ സമീപകാലത്ത് ചില കെട്ടിടങ്ങളില്‍ അനുവദിക്കപ്പെട്ടതിലും അധികം ശേഷിയില്‍ വൈദ്യുതി ഉപഭോഗം നടത്തുന്നതിനാല്‍ പല സബ് സ്‌റ്റേഷനുകളിലും തീപിടുത്തമുണ്ടായി. കേബിളുകള്‍ കത്തിച്ചു. ഇതാണ് വൈദ്യുതി പ്രതിസന്ധിയുടെ മൂല കാരണമെന്ന് യോഗം വിലയിരുത്തി.

ഇത് പരിഹരിക്കുന്നതിനുള്ള അറ്റകുറ്റ പണികള്‍ നടന്നു വരികയാണ്. നിലവിലെ സാഹചര്യം നേരിടാന്‍ എമര്‍ജന്‍സി കണ്ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ഒരോ മണുക്കൂര്‍ കൂടുമ്പോഴും സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്. ഇതിനു പുറമെ വൈദ്യുതി ഉപയോഗം പരമാവധി കുറക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഉപഭോക്താക്കള്‍ക്ക് സന്ദേശം അയക്കുവാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. 

Similar News