എന്തുകൊണ്ട് മഹാരാഷ്ട്രയില്‍ ഇത്രയേറെ കൊവിഡ് മരണങ്ങള്‍? ആശുപത്രിയിലെത്തി 2.4 ദിവസത്തിനുള്ളില്‍ രോഗി മരിക്കുന്നുവെന്ന് റിപോര്‍ട്ട്

Update: 2020-04-25 08:50 GMT

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലെ വര്‍ധനയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ കണക്കുപ്രകാരം മുംബൈയില്‍ രോഗികള്‍ മരിക്കുന്നത് രോഗലക്ഷണം കാണിച്ച് 6.4 ദിവസത്തിനുളളില്‍. ആശുപത്രിയില്‍ എത്തി 2.4 ദിവസത്തിനുള്ളിലാണ് മരണങ്ങളെന്നും റിപോര്‍ട്ട് പറയുന്നു. മുംബൈ ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ രൂപീകരിച്ച കമ്മറ്റിയുടേതാണ് റിപോര്‍ട്ട്. കൊവിഡ് മരണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനാണ് കമ്മിറ്റി രൂപീകരിച്ചത്.

രോഗികള്‍ വൈകിയാണ് ആശുപത്രിയിലെത്തുന്നതെന്നും അധികം താമസിയാതെ മരിക്കുന്നതായും റിപോര്‍ട്ടില്‍ പറയുന്നു.

മുംബൈ, വസെ-വിരാര്‍, നവി മുംബൈ, പാല്‍ഘാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നടന്ന 133 മരണങ്ങള്‍ പഠിച്ച കമ്മിറ്റി 11 നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

നാല് ആഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തെ ആശുപത്രികളില്‍ വലിയ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ നേരത്തെ കണ്ടെത്തി ചികില്‍സ ആരംഭിക്കണമെന്നുമാണ് കമ്മിറ്റിയുടെ മുഖ്യനിര്‍ദേശം. പിനി, രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനങ്ങള്‍, ശ്വാസതടസ്സം, നെഞ്ചുവേദന, നീലനിറമാകുന്ന ചുണ്ട് തുടങ്ങിയ ലക്ഷണങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പേ അത് കണ്ടെത്തി ആരോഗ്യപ്രവര്‍ത്തകര്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം.

ഗര്‍ഭിണികള്‍, പ്രായമായവര്‍, മറ്റ് രോഗങ്ങളുള്ളവര്‍ തുടങ്ങിയവരെ വേഗം തന്നെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം. പ്രമേഹം, ആസ്മ, വൃക്ക സംബന്ധമായ അസുഖങ്ങള്‍ എന്നിവയുള്ളവരെയാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്.

ഹിന്ദുജ ആശുപത്രിയിലെ ഡയറക്ടര്‍ ഡോ. അവിനാഷ് സുപെയാണ് മുംബൈയിലെ ഉയര്‍ന്ന മരണസംഖ്യയെ കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ഏഴംഗ കമ്മിറ്റിയുടെ തലവന്‍. ഒപ്പം സംസ്ഥാന സര്‍ക്കാരും ഒരു ആറംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ ഡയറക്ടറായ ഡോ. അര്‍ച്ചന പാട്ടീല്‍ ആണ് സംസ്ഥാന പാനലിന്റെ ചെയര്‍മാന്‍.

മുംബൈ മുനിസിപ്പാലിറ്റി നിയോഗിച്ച കമ്മിറ്റി പറയുന്നതനുസരിച്ച് ആകെ മരിച്ചവരില്‍ 79 പേര്‍ക്ക് മറ്റ് അസുഖങ്ങളുണ്ടായിരുന്നു. 74 പേര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയവയും കാണപ്പെട്ടു. 14 പേര്‍ക്ക് ശ്വാസകോശ രോഗം, 8 പേര്‍ക്ക് വൃക്കരോഗം.

28 പേര്‍ക്ക് മറ്റ് അസുഖങ്ങളൊന്നുമില്ലായിരുന്നു, ഒന്നുകില്‍ കൊവിഡ് ബാധ അല്ലെങ്കില്‍ പ്രായക്കൂടുതല്‍ ഇതായിരുന്നു കാരണം.

മരിച്ചവരില്‍ 61-70 വയസ്സുകാരാണ് ഭൂരിഭാഗവും, 42 പേര്‍. 51-60 പ്രായത്തില്‍ 37 പേര്‍.

133 ല്‍ 80 പേര്‍ മരിച്ചത് ആശുപത്രിയിലെത്തി 2 ദിവസത്തിനുള്ളില്‍. 34 പേര്‍ 3-5 ദിവസത്തിനുള്ളിലും.

ചേരികള്‍ക്കടുത്ത് ആംബുലന്‍സ് ഏര്‍പ്പെടുത്തുക, ഓരോ ആശുപത്രിയിലും കൊവിഡ് ചികില്‍സയ്ക്ക് കുട്ടികളുടെ ഒരു ഭാഗവും ആവശ്യമാണ്. അവര്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കണം. വേഗത്തില്‍ ടെസ്റ്റ് നടത്തണം, ഓക്‌സിജന്റെ അളവ് ഇടവിട്ട് പരിശോധിക്കണം- പാനല്‍ ശുപാര്‍ശകളില്‍ ചിലത് ഇതാണ്.

വെളളിയാഴ്ച 18 മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയതോടെ മഹാരാഷ്ട്രയിലെ മരണസംഖ്യ 300 കടന്നു. അതില്‍ മുംബൈയില്‍ 178 പേര്‍ മരിച്ചു.

Tags:    

Similar News