''ഇതുവരെ നമ്മുടെ സെലിബ്രിറ്റികള്‍ എന്തുകൊണ്ട് മൗനം പാലിച്ചു''?; ബോളിവുഡിനെതിരേ മഹാരാഷ്ട്ര ഭക്ഷ്യവകുപ്പ് മന്ത്രി ഛഗന്‍ ബുജ്പാല്‍

Update: 2021-02-04 10:03 GMT

പൂനെ: കര്‍ഷക സമരം മാസങ്ങള്‍ പിന്നിട്ടിട്ടും മൗനം പാലിക്കുന്ന ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്കെതിരേ മഹാരാഷ്ട്ര ഭക്ഷ്യവകുപ്പ് മന്ത്രി ഛഗന്‍ ബുജ്പാല്‍. അന്താരാഷ്ട്ര പ്രശസ്തരായ സെലിബ്രിറ്റികള്‍ 'നമ്മുടെ ആഭ്യന്തരകാര്യമായ' സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതുവരെ ഇന്ത്യന്‍ സെലിബ്രിറ്റികള്‍ മൗനം പാലിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

''ഇന്ത്യന്‍ സെലിബ്രിറ്റികള്‍ പറയുന്നതുപോലെ കര്‍ഷകപ്രക്ഷോഭം ഇന്ത്യക്കാരുടെ ആഭ്യന്തരകാര്യമാണ്. പക്ഷേ, അന്താരാഷ്ട്ര താരങ്ങള്‍ ശബ്ദമുയര്‍ത്തുംവരെ ഇന്ത്യയിലെ സെലിബ്രിറ്റികള്‍ എന്തുകൊണ്ട് നിശ്ശബ്ദരായിരുന്നു? അവര്‍ ഒന്നും പറഞ്ഞില്ല. അതുകൊണ്ട് മറ്റ് പ്രമുഖര്‍ അവരുടെ ശബ്ദമുയര്‍ത്തുന്നു''-ഭുജ്പാല്‍ പറഞ്ഞു.

സമരം ചെയ്യുന്ന കര്‍ഷകര്‍ നമ്മുടെ ജനങ്ങളാണെന്നും അവരെ നോക്കേണ്ടത് ഇന്ത്യയിലെ ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

''ഇത് നമ്മുടെ ആഭ്യന്തരകാര്യമാണെങ്കില്‍ നാം എന്തുകൊണ്ടാണ് ശബ്ദമുയര്‍ത്താതെ മാറിനിന്നത്?'' - അദ്ദേഹം ചോദിച്ചു.

അന്താരാഷ്ട്ര പ്രശസ്ത പോപ്പ് താരം റിഹാന കര്‍ഷക സമരത്തെക്കുറിച്ച സിഎന്‍എന്‍ന്റെ ഒരു വാര്‍ത്തയുടെ ലിങ്ക് ഷെയര്‍ ചെയ്തതിനെത്തുടര്‍ന്നാണ് രാജ്യത്ത് വിവാദം പൊട്ടിപ്പുറപ്പെട്ടത്. റിഹാനയ്ക്ക് മറുപടിയായി കങ്കണയും അതിനെ പുന്തുണച്ച് സച്ചിനും പിന്നീട് ഏതാനും സെലിബ്രിറ്റികളും രംഗത്തുവന്നു.

Tags: