എന്തിന് മാപ്പ് പറയണം?: രാജ്യത്തോട് മാപ്പ് പറയേണ്ടത് സ്മൃതി ഇറാനിയെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: മകള്‍ ബാര്‍ ഹോട്ടല്‍ ലൈസന്‍സ് അനധികൃതമായി കൈക്കലാക്കിയതിന്റെ പേരില്‍ രാജ്യത്തോട് മാപ്പ് പറയേണ്ടത് കേന്ദ്ര മന്ത്രി സ്മൃതി ഇറാനാണെന്ന് കോണ്‍ഗ്രസ് വക്താവ് ഡോ. ഷമ മുഹമ്മദ്. അനധികൃതമായി സമ്പാദിച്ച ലൈസന്‍സ് ഉപയോഗിച്ച് മകള്‍ ഗോവയില്‍ ബാര്‍ ഹോട്ടല്‍ നടത്തുന്നുവെന്ന കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്കെതിരേ സ്മൃതി ഇറാനി വക്കീല്‍ നോട്ടിസ് അയച്ചതിനെതിരേ പ്രതികരിക്കുകയായിരുന്നു അവര്‍. ആരോപണമുന്നയിച്ചതിന്റെ പേരില്‍ ജയ്‌റാം രമേശ് അടക്കം മൂന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കാണ് സ്മൃതി വക്കീല്‍നോട്ടിസ് അയച്ചത്. ആരോപണം പിന്‍വലിച്ച് മാപ്പ് എഴുതിനല്‍കണമെന്നാണ് ആവശ്യം.
''എന്തിനുവേണ്ടി? (സ്മൃതിയുടെ)മകള്‍ ബാര്‍ഹോട്ടല്‍ നടത്തിയിരുന്നു എന്നതിന് നിരവധി തെളിവുകളുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യുന്നതിനുപകരം, ലൈസന്‍സുകളില്‍ കൃത്രിമം കാണിച്ചതിന് കേന്ദ്ര മന്ത്രി സ്മൃതി രാജ്യത്തോട് മാപ്പ് പറയണം'' ഡോ. ഷമ മുഹമ്മദ് പറഞ്ഞു.
18കാരിയായ മകള്‍ ഗോവയില്‍ അനധികൃത ബാര്‍ഹോട്ടല്‍ നടത്തുന്നുവെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണങ്ങള്‍ക്കെതിരേയാണ് സ്മൃതി ഇറാനി നോട്ടിസ് അയച്ചത്. പവന്‍ ഖേര, ജയറാം രമേഷ്, നെറ്റ ഡിസൂസ എന്നിവര്‍ക്കാണ് നോട്ടിസ് അയച്ചത്. വ്യാജ ആരോപണങ്ങള്‍ തന്റെ കക്ഷിയുടെയും മകളുടെയും സ്ത്രീത്വത്തിനും അന്തസ്സിനുമെതിരേയുള്ള ആക്രമണമാണെന്ന് നോട്ടിസില്‍ പറയുന്നു. സ്മൃതി ഇറാനിയുടെ മകള്‍ സോയിഷ് ഇറാനി ബാര്‍ ഹോട്ടല്‍ നടത്തുന്നില്ലെന്ന് നോട്ടിസില്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്.
വിവാദ ഹോട്ടലായ സില്ലി സോള്‍ ഗോവയുടെ ഉടമസ്ഥയും ലൈസന്‍സിയും തന്റെ മകളല്ലെന്നാണ് സ്മൃതിയുടെ വാദം. എന്നാല്‍ മരിച്ചുപോയ ഒരാളുടെ പേരിലുള്ള ലൈസന്‍സ് മകള്‍ സ്വന്തമാക്കുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാദം.
ഈ ഹോട്ടലിനെതിരേ ഗോവ എക്‌സൈസ് വകുപ്പ് നല്‍കിയ കാരണംകാണിക്കല്‍ നോട്ടിസും കോണ്‍ഗ്രസ് പുറത്തുവിട്ടു. ബിജെപിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് നോട്ടിസ് പിന്നീട് പിന്‍വലിച്ചെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
