ഇന്ധനനികുതി കുറച്ചത് ബിജെപിയുടെ വെറും തന്ത്രമെന്ന് കോണ്‍ഗ്രസ് പറയുന്നത് എന്തുകൊണ്ട്?

Update: 2022-05-22 16:34 GMT

ഇന്ധനവില കുറച്ചത് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ വെറും കുതന്ത്രമാണെന്നും ഭരണകക്ഷിയുടെ പിടിപ്പുകേടിന്റെ സൂചനയാണെന്നും കോണ്‍ഗ്രസ്. സമ്പദ്ഘടനയെയും സാമ്പത്തി മാനേജ്‌മെന്റിനെയും കുറിച്ച് ബിജെപിക്ക് യാതൊന്നും അറിയില്ലെന്നും വിദഗ്ധരില്‍ നിന്ന് ഉപദേശമാരായാതെ തന്ത്രങ്ങളും മിഥ്യാധാരണകളും സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും കോണ്‍ഗ്രസ് വക്താവ് പ്രഫ. ഗൗരവ് വല്ലഭ ഡല്‍ഹിയില്‍നടന്ന വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

അതിനുള്ള ചില കാരണങ്ങളും അദ്ദേഹം നിരത്തി:

'ധനമന്ത്രി പെട്രോള്‍ ലിറ്ററിന് 8 രൂപയും ഡീസലിന് 6രൂപയുമാണ് കുറച്ചത്. ഇത് വളരെ കുറവാണ്. മൂന്ന് അടി മുന്നോട്ട് വച്ച് രണ്ടടി പിന്നോട്ട് വയ്ക്കലാണ്. ജനങ്ങളുടെ ജീവിതനിലവാരത്തില്‍ ഇത് ഒരു മാറ്റവുമുണ്ടാക്കില്ല. 2022 മാര്‍ച്ചിലെ വിലയിലേക്ക് വരികമാത്രമാണ് ചെയ്തിരിക്കുന്നത്. മാര്‍ച്ച് 2022ലെ ഇന്ധനവിലയില്‍ നമുക്ക് എന്ത് സന്തോഷമാണ് ഉണ്ടായിരുന്നത്. ഇല്ല എന്നാണ് ഉത്തരം. ഇപ്പോഴും വലിയ തുകയാണ് എക്‌സൈസ് തീരുവ ഇനത്തില്‍ ചുമത്തുന്നത്. 2014ലെ വിലയിലേക്ക് ഇടിക്കുക മാത്രമാണ് ആശ്വാസം നല്‍കുക'- അദ്ദേഹം പറഞ്ഞു.

'കഴിഞ്ഞ 60 ദിവസം കൊണ്ട് 10 രൂപ പെട്രോളിന് വര്‍ധിപ്പിച്ചു. ഇപ്പോള്‍ 9.50 രൂപ കുറച്ചു. ഇത് തന്ത്രമല്ലേ? ഡീസല്‍ വില 10 രൂപ 60 ദിവസം കൊണ്ട് വര്‍ധിപ്പിച്ചു. ഏഴ് രൂപ കുറച്ചു. ഇതെങ്ങനെ ക്ഷേമം കൊണ്ടുവരും? 2014 മെയ് മുതല്‍ മെയ് 2022 വരെ പാചകവാതകവില 142 ശതമാനം വര്‍ധിപ്പിച്ചു. ഇപ്പോള്‍ 200 രൂപ കുറച്ചു. 2014നെ അപേക്ഷിച്ച് ഇപ്പോഴും 94 ശതമാനം കൂടുതല്‍. 18 മാസം കൊണ്ട് 400 രൂപയാണ് വര്‍ധിച്ചത്. ഇത് ആളുകളെ തെറ്റിദ്ധരിപ്പിക്കലാണ്. തന്റെ സര്‍ക്കാര്‍ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി നിലകൊള്ളുന്നുവെന്നാണ് ധനമന്ത്രി പറയുന്നത്. ദരിദ്രരുടെ ക്ഷേമത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിന്റെ യഥാര്‍ത്ഥ മുഖം ഓക്‌സ്ഫാം റിപോര്‍ട്ടില്‍നിന്നറിയാം. 2021ല്‍, രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ 84% കുടുംബങ്ങളുടെ വരുമാനം കുറഞ്ഞു. 2021ലെ സിഎംഐഇ റിപോര്‍ട്ടനുസരിച്ച് 97 ശതമാനം ഇന്ത്യക്കാരുടെയും വരുമാനം മഹാമാരി കാലത്ത് വലിയ തോതില്‍ കുറഞ്ഞു. സാധാരണ ജനങ്ങള്‍ക്ക് ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കുന്നതിന് എന്തുതടസ്സമാണ് ഉള്ളതെന്നും' അദ്ദേഹം ചോദിച്ചു.

അടുത്ത 2 വര്‍ഷത്തേക്ക് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിക്കില്ലെന്ന് ബിജെപി സര്‍ക്കാരിന് ഉറപ്പുനല്‍കാനാവുമോയെന്നും പണപ്പെരുപ്പം 6ശതമാനത്തില്‍നിന്ന് 2 ശതമാനമായി കുറയ്ക്കാന്‍ എന്തുനടപടിയാണ് എടുക്കുകയെന്നും അദ്ദേഹം ആരാഞ്ഞു.

Similar News