എന്തുകൊണ്ട് കോടതികള്‍ സിദ്ദിഖ് കാപ്പനും മുനവര്‍ ഫറൂഖിക്കും ജാമ്യം നിഷേധിക്കുന്നു; അതൃപ്തി അറിയിച്ച് ചിദംബരം

Update: 2021-01-21 12:29 GMT

ന്യൂഡല്‍ഹി: എന്തുകൊണ്ടാണ് രാജ്യത്തെ കോടതികള്‍ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനും കലാകാരന്‍ മുനവര്‍ ഫറൂഖിക്കും ജാമ്യം നിഷേധിക്കുന്നതെന്ന വിമര്‍ശനവുമായി മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരം. സമത്വം, തുല്യത എന്നിവയ്ക്ക് നിയമം തുല്യതയോടെ പ്രയോഗിക്കുന്നുവെന്നു കൂടി അര്‍ത്ഥമുണ്ടെന്ന് ചിദംബരം പറഞ്ഞു. 

''എന്തുകൊണ്ടാണ് കോടതി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ്കാപ്പനും കോമഡി കലാകാരന്‍ മുനവര്‍ ഫറൂഖിക്കും ജാമ്യം നിഷേധിച്ചത്? തുല്യതയെന്നാല്‍ നീതിന്യായ സംവിധാനത്തിനുമുന്നിലുള്ള തുല്യതയെന്നുകൂടി അര്‍ത്ഥമുണ്ട്'' അദ്ദേഹം ട്വീറ്റ് ചെയ്തു.

ജാമ്യമാണ് നിയമമെന്നും തടവ് അപവാദമാണെന്നുമുള്ള ജസ്റ്റിസ് രവീന്ദ്ര ഭട്ടിന്റെയും ജസ്റ്റിസ് ചന്ദ്രചൂഡിന്റെയും വിധികളുണ്ടായിട്ടും അത് എല്ലാ കേസുകളിലും ബാധകമാക്കാത്തതെന്താണെന്ന് അദ്ദേഹം മറ്റൊരു ട്വീറ്റില്‍ ചോദിച്ചു.

28 വയസ്സുളള ഫറൂഖിയെ നലിന്‍ യാദവ്, പ്രഖാര്‍ വ്യാസ്, പ്രിയം വ്യാസ്, എഡ്വിന്‍ ആന്റണി തുടങ്ങിയവരോടൊപ്പമാണ് ജനുവരി 1ന് മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്തത്. ഏകലവ്യ ഗൗഡ് എന്ന ബിജെപി എംഎല്‍എയുടെ പരാതിയില്‍ ഇന്‍ഡോറില്‍ ഒരു പരിപാടിക്കിടയിലായിരുന്നു അറസ്റ്റ്. അടുത്ത ദിവസം ഫറൂഖിയെ കാണാന്‍ കോടതിയിലെത്തിയ അദ്ദേഹത്തിന്റെ സുഹൃത്ത് സദാകത്ത് ഖാനെയും അറസ്റ്റ് ചെയ്തിരുന്നു.

സിദ്ദിഖ് കാപ്പനെ ഒക്ടോബര്‍ അവസാനമാണ് അതിഖ് ഉര്‍ റഹ്മാന്‍, മസൂദ് അഹ്മദ്, അലം തുടങ്ങിയവര്‍ക്കൊപ്പം ഹാഥ്‌റസിലേക്കുള്ള യാത്രക്കിടയില്‍ അറസ്റ്റ് ചെയ്തത്. 19വയസ്സുളള ദലിത് പെണ്‍കുട്ടിയെ സവര്‍ണയുവാക്കള്‍ ബലാല്‍സംഗം ചെയ്ത് കൊന്ന കേസ് റിപോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടയിലായിരുന്നു അറസ്റ്റ്.

ഫാറൂഖിയെ മതവികാരം വൃണപ്പെടുത്തി ഐപിസി 295എ, മരണകാരണമായ രോഗം പരത്തി 269 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സിദ്ദിഖിനെതിരേ യുഎപിഎ അടക്കമുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

Tags:    

Similar News