എയര്‍ ഇന്ത്യ ടാറ്റയ്ക്ക് കൈമാറുമ്പോള്‍ വാങ്ങിയ കടം ആര് വീട്ടും?

Update: 2021-10-10 17:00 GMT

എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. വില്‍പ്പനക്ക് വച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ വില നല്‍കാന്‍ തയ്യാറായവരെന്ന നിലയിലാണ് ടാറ്റയെ തിരഞ്ഞെടുത്തത്. പുതിയ നീക്കത്തിലൂടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡും എയര്‍പോര്‍ട്ട് സര്‍വീസ് ലിമിറ്റഡും ടാറ്റയുടെ വ്യവസായ സാമ്രാജ്യത്തിന്റെ ഭാഗമാവും. 

പുതിയ വില്‍പ്പനയിലൂടെ ടാറ്റ കേന്ദ്ര സര്‍ക്കാരിനോട് മധുരമായി പ്രതികാരം വീട്ടിയെന്നാണ് പലരും ഈ വിര്‍പ്പനയെ വിശദീകരിക്കുന്നത്. 1932 ല്‍ ടാറ്റയുടെ മുത്തച്ഛന്‍ തുടങ്ങിയ സംരംഭം കേന്ദ്ര സര്‍ക്കാര്‍ കൈക്കലാക്കിയെന്നും ഇപ്പോള്‍ മകന്‍ ടാറ്റ തിരിച്ചെടുത്ത് ഒരു വൃത്തം പൂര്‍ത്തിയാക്കിയെന്നും കാല്‍പ്പനിക ഭംഗിയോടെ സാമൂഹിക മാധ്യമ എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും പറയുന്നു.

കടം കയറി മുടിഞ്ഞ ഒരു സ്ഥാപനമെന്ന നിലയിലാണ് എയര്‍ ഇന്ത്യ വിറ്റഴിക്കുന്നത്. എങ്കില്‍ ടാറ്റക്ക് വിറ്റതിലൂടെ ഈ കടക്കെണിയില്‍ നിന്ന് ഇന്ത്യ കരകയറുമോ? ഇല്ലെന്നതാണ് വാസ്തവം.

ടാറ്റയില്‍ നിന്ന് 1947ല്‍ ആദ്യം 49 ശതമാനവും പിന്നീട് 1953ല്‍ പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയുടെ നിയന്ത്രണം കരസ്ഥമാക്കുകയായിരുന്നു. പിന്നീട് വ്യാപാരത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ പൂര്‍ണമായും കുറയ്ക്കുകയെന്ന ഉദാരവല്‍ക്കരണ നയങ്ങള്‍ രാജ്യം നടപ്പാക്കാന്‍ തുടങ്ങി. ഘട്ടംഘട്ടമായാണ് അത് നടത്തിയത്.

അതുവരെ ആഭ്യന്തര സര്‍വീസിനും അന്താതരാഷ്ട്ര സര്‍വീസിനും രണ്ട് വ്യത്യസ്ത കമ്പനികളാണ് ഉണ്ടായിരുന്നത്. എയര്‍ ഇന്ത്യ അന്താരാഷ്ട്ര സര്‍വീസും ഇന്ത്യന്‍ എയര്‍ലൈന്‍സ് ആഭ്യന്തര സര്‍വീസും കൈകാര്യം ചെയ്തു. 2007ല്‍ എയര്‍ ഇന്ത്യ ഇന്ത്യന്‍ എയര്‍ലൈന്‍സുമായി ലയിപ്പിച്ചു. കടം കുറയ്ക്കാനായിരുന്നു ഈ നീക്കം. പക്ഷേ, അത് ഫലിച്ചില്ല. കടം കൂടിക്കൂടിവന്നു.

2009-10 കാലത്ത് നടത്തിപ്പിന്റെ ഗുണം കൊണ്ട് 1.1 ലക്ഷം കോടിയുടെ കടമാണ് എയര്‍ ഇന്ത്യ വരുത്തിവച്ചത്. ആഗസ്ത് 2021ലെ കണക്കനുസരിച്ച് ഈ കടം 61,562 കോടിയായി. ഓരോ ദിവസവും 20 കോടി വച്ചാണ് സര്‍ക്കാര്‍ നഷ്ടം സഹിക്കുന്നത്. അതായത് ഒരു വര്‍ഷം നഷ്ടം 7,300 കോടിയോളം വരും. വ്യാപാരത്തെക്കുറിച്ചും വാണിജ്യത്തെക്കുറിച്ചും ചുക്കും ചുണ്ണാമ്പും അറിയാത്ത ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും മന്ത്രിമാരും രാജ്യത്തിന് നല്‍കിയത് അതായിരുന്നു. അറിവില്ലായ്മ മാത്രമല്ല, അഴിമതിയും മോശമായിരുന്നില്ല.

2001ല്‍ എയര്‍ ഇന്ത്യയെ വിറ്റഴിക്കാന്‍ എന്‍ഡിഎ ശ്രമിച്ചിരുന്നു. 40 ശതമാനം ഓഹരി വില്‍ക്കാനായിരുന്നു നീക്കം. പക്ഷേ, വാങ്ങാന്‍ ആരും എത്തിയില്ല. 2018ല്‍ 76 ശതമാനം വിറ്റഴിക്കാന്‍ തീരുമാനിച്ചു. അപ്പോഴും ആരും എത്തിയില്ല.

2020 ജനുവരില്‍ അടുത്ത നീക്കം ആരംഭിച്ചു. പൂര്‍ണമായ വില്‍പ്പന. അത് നടന്നു. എയര്‍ ഇന്ത്യ ടാറ്റയുടെ കൈയിലെത്തി.

അതിനര്‍ത്ഥം ടാറ്റ എയര്‍ ഇന്ത്യയുടെ കടം പൂര്‍ണമായി വീട്ടുമെന്നാണോ? അല്ല, അത് മനസ്സിലാവണമെങ്കില്‍ ഇത്തവണത്തെ കച്ചവടത്തിലെ ചില നിബന്ധകള്‍ കൂടി അറിയണം.

കുറച്ച് ഓഹരി കയ്യില്‍ വച്ച് വില്‍ക്കാനായിരുന്നു കേന്ദ്രത്തിന്റെ ആദ്യ പദ്ധതി. അതായത് 24 ശതമാനം. പക്ഷേ, അത് നടന്നില്ല. പിന്നീടാണ് പൂര്‍ണ വില്‍പ്പനയെന്ന ആശയത്തിലേക്ക് കടന്നത്.

അതിനും കടത്തിന്റെ കാര്യത്തില്‍ ചില നിബന്ധനകളുണ്ടായിരുന്നു.

വാങ്ങുന്നയാള്‍ എയര്‍ ഇന്ത്യയുടെ കടം ഏറ്റെടുക്കണം. പക്ഷേ, പൂര്‍ണമായി ഏറ്റെടുക്കണമെന്നില്ല. ഒരു നിശ്ചിത ശതമാനം. പക്ഷേ, അതും നടന്നില്ല. തുടര്‍ന്നാണ് കടം എത്ര വീട്ടുമെന്ന് വാങ്ങുന്നയാളോട് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടത്. അതാണിപ്പോള്‍ നടന്നിരിക്കുന്നത്.

ആകെ 61,562 കോടിയാണ് എയര്‍ ഇന്ത്യയുടെ കടം. അതില്‍ 15,300 കോടി ടാറ്റ വീട്ടും. കൂടാതെ 2,700 കോടി പണമായും നല്‍കും. അതിനര്‍ത്ഥം എയര്‍ ഇന്ത്യയുടെ കടത്തില്‍ 43,562 കോടിയുടെ ഉത്തരവാദിത്തം രാജ്യം ഏറ്റെടുക്കേണ്ടിവരും. അതില്‍ കുറച്ച് ചില കെട്ടിടങ്ങളും ആസ്തികളും വിറ്റ് ഉണ്ടാക്കാമെന്നാണ് കണക്കുകൂട്ടല്‍. അതനുസരിച്ച് 14,718 കോടി കയ്യില്‍ വരും. ബാക്കി 28,844 കോടി രൂപ രാജ്യത്തിന്റെ തലയില്‍ വരും.

അതായത് 28,844 കോടി രൂപ ബാക്കിയാവും.

Similar News