ആരാണ് ഗുജറാത്ത് വംശഹത്യക്കേസില്‍ മോദിക്കെതിരേ പോരാടി അറസ്റ്റിലായ ടീസ്ത സെതല്‍വാദ്?

Update: 2022-06-25 14:57 GMT

2002ലെ ഗുജറാത്ത് വംശഹത്യക്കേസില്‍ നരേന്ദ്രമോദിക്കെതിരേ പതിറ്റാണ്ടോളം പോരാടിയാണ് ടീസ്ത സെതര്‍വാദ് തടവറയിലേക്ക് പോകുന്നത്. ടീസ്തയുടെ നേതൃത്വത്തിലുള്ള എന്‍ജിഒ ഗുജറാത്ത് കലാപത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ വിവരങ്ങള്‍ കോടതിയില്‍ നല്‍കിയെന്നാണ് അമിത് ഷാ കഴിഞ്ഞ ദിവസം ആരോപിച്ചത്.

ഗുര്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട സാകിയ ജഫ്രിയുടെ ഹരജിയിലാണ് ടീസ്ത തെളിവുകള്‍ ഹാജരാക്കിയത്. ഈ കേസിലാണ് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ സുപ്രിംകോടതി കുറ്റമുക്തനാക്കിയത്.

2002ല്‍ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ടുണ്ടായ ഗുര്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് നേതാവ് ഇഹ്‌സാന്‍ ജഫ്രിയടക്കം ചുരുങ്ങിയത് 35 പേര്‍ കൊല്ലപ്പെട്ടിരുന്നു. 31 പേരെ ഈ സംഭവത്തിനുശേഷം കാണാതായി. ഇവര്‍ മരിച്ചതായാണ് കണക്കാക്കുന്നത്. അതോടെ മരണസംഖ്യ 69ആയി. ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയിലെ ഗൂഢാലോചന അന്വേഷിക്കാനാണ് ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ ഹരജി നല്‍കിയത്. ഈ കേസിലാണ് സുപ്രിംകോടതി മോദിയെ കുറ്റവിമുക്തനാക്കിയത്. ആവശ്യമായ തെളിവുകള്‍ നല്‍കാനായില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

ആരാണ് ടീസ്ത?

സിറ്റിസന്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് എന്ന സംഘടനയുടെ സെക്രട്ടറിയാണ് ടീസ്ത. 2002ലെ ഗുജറാത്ത് കൂട്ടക്കൊലയിലെ ഇരകള്‍ക്ക് നീതി നല്‍കുന്നതിനുവേണ്ടി രൂപീകരിച്ച സംഘടനയാണ് ഇത്. ഇപ്പോള്‍ ഇവര്‍ അസമില്‍ പൗരത്വപ്രശ്‌നം നേരിടുന്നവര്‍ക്കുവേണ്ടി നിയമസഹായം നല്‍കിവരുന്നു.

ഗുജറാത്ത് വംശഹത്യ കേസില്‍ നരേന്ദ്ര മോദിക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരേ നല്‍കിയ പരാതികളില്‍ ഒന്ന് ടീസ്തയുടെ സംഘടനയുടേതാണ്. പക്ഷേ, കേസ് കോടതിയില്‍ തോറ്റു. സാകിയ ജഫ്രിയുടെ വൈകാരികതയെ ടീസ്ത സെതല്‍വാദ് 'ഗൂഢലക്ഷ്യങ്ങള്‍ക്കായി' ചൂഷണം ചെയ്്‌തെന്ന് 2022 ജൂണ്‍ 24ന് മോദിയെ കുറ്റമുക്തനാക്കിയ വിധിയില്‍ സുപ്രിംകോടതി ആരോപിച്ചു. ഇത് ഉപയോഗിച്ചാണ് ഇപ്പോള്‍ ഇവര്‍ക്കെതിരേ നടപടിയെടുക്കുന്നത്.

ടീസ്തക്കെതിരേയുള്ള ആരോപണങ്ങള്‍ എന്തൊക്കെ?

2007 മുതല്‍ കലാപബാധിതരുടെ പേരില്‍ 6 കോടി മുതല്‍ 7 കോടി രൂപ വരെ ഫണ്ട് പിരിച്ചെടുത്ത് വന്‍തട്ടിപ്പ് നടത്തിയെന്നതാണ് ടീസ്തയ്ക്കും ഭര്‍ത്താവ് ജാവേദ് ആനന്ദിനുമെതിരായ ആരോപണങ്ങളിലൊന്ന്. അവരുടെ ഉടമസ്ഥതയിലുള്ള മാസികയില്‍(2014) പരസ്യങ്ങള്‍ നല്‍കിയും ധനശേഖരാര്‍ത്ഥം സംഗീത, കലാപരിപാടികള്‍ നടത്തിയുമാണത്രെ പണം പിരിച്ചെടുത്തത്. സംഭാവന വഴി സമാഹരിച്ച ഈ ഫണ്ട് ഇരുവരും സ്വന്തം സുഖഭോഗങ്ങള്‍ക്കും ആഢംബരവസ്തുക്കള്‍ വാങ്ങിയും ചെലവഴിച്ചതായി ഇവര്‍ക്കെതിരേയുള്ള കേസില്‍ പറയുന്നു. 2009ല്‍ യുഎസ് ആസ്ഥാനമായുള്ള ഫോര്‍ഡ് ഫൗണ്ടേഷന്‍ എന്‍ജിഒയ്ക്ക് നല്‍കിയ ഫണ്ട് വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ച് ദുരുപയോഗം ചെയ്‌തെന്ന മറ്റൊരു ആരോപണവുമുണ്ട്.

തന്നെയും അനീതിക്കെതിരേ പ്രവര്‍ത്തിക്കുന്ന തന്റെ സംഘടനയെയും നിശ്ശബ്ദമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ടീസ്ത പറയുന്നു.

Tags:    

Similar News