ഛത്തീസ്ഗഡ്: ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് മാവോയിസ്റ്റ് കമാന്‍ഡര്‍ എന്നാണ് മാധ്വവി ഹിദ്മ അറിയപ്പെടുന്നത്. ഇവരുടെ തലക്ക് സര്‍ക്കാര്‍ ഒരു കോടി രൂപയാണ് വിലയിട്ടിരുന്നത്. ചൊവ്വാഴ്ച രാവിലെ ഛത്തീസ്ഗഢിനും ആന്ധ്രാപ്രദേശിനും ഇടയിലുള്ള അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് മാധ്വി കൊല്ലപ്പെട്ടത്.
ആരാണ് മാധ്വി ഹിദ്മ?
ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ ജനിച്ച മാധ്വി ഹിദ്മ പതിനാറാം വയസ്സിലാണ് മാവോയിസത്തിലേക്ക് തിരിഞ്ഞത്. ഒരു കേഡറായി ആരംഭിച്ച്, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നിരോധിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) യില്‍ നിരവധി പ്രധാന സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
സിപിഐ-മാവോയിസ്റ്റ് ഗ്രൂപ്പിലെ ഒന്നാം നമ്പര്‍ ബറ്റാലിയന്റെ കമാന്‍ഡറായിരുന്നു മാധ്വി ഹിദ്മ. ദണ്ഡകാരണ്യ മേഖലയിലെ നിബിഡ വനങ്ങളിലാണ് ഹിദ്മ താമസിച്ചിരുന്നത്. അബുജ്മദ്, സുക്മ-ബിജാപൂര്‍ വനമേഖലകളെക്കുറിച്ച് ഇവര്‍ക്ക് വിപുലമായ അറിവുണ്ടായിരുന്നു. ബസ്തര്‍ സൗത്ത് മേഖലയിലും ഹിദ്മ സജീവമാണ്.
സമീപ വര്‍ഷങ്ങളിലെ മിക്ക പ്രധാന നക്‌സലൈറ്റ് ആക്രമണങ്ങളിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നെന്നാണ് ആരോപണം. 2010ല്‍ ദന്തേവാഡയിലെ സിആര്‍പിഎഫിനെതിരെയുണ്ടായ ആക്രമണത്തില്‍ 76 സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ കൊന്നതും മാധ്വിവി ഉള്‍പ്പെടുന്ന സംഘമാണെന്നാണ് പോലിസ് ഭാഷ്യം.2017-ല്‍ സുക്മയില്‍ 37 സൈനികര്‍ കൊല്ലപ്പെട്ട രണ്ട് ആക്രമണങ്ങളിലും 2021-ല്‍ ബിജാപൂരിലെ ടാരെം ആക്രമണത്തിലും മാദ്വി ഹിദ്മയുടെ പേര് ഉയര്‍ന്നുവന്നു. 2025 ഏപ്രിലില്‍ 31 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട കരേഗുട്ട കുന്നില്‍ നടന്ന ഏറ്റുമുട്ടലില്‍ നിന്ന് ഹിദ്മ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നായിരുന്നു റിപോര്‍ട്ടുകള്‍.
മാധ്വി ഹിഡ്മയുടെ മരണം നക്‌സലിസത്തിന് കനത്ത പ്രഹരമാണെന്ന് ബസ്തര്‍ റേഞ്ച് ഐജിപി സുന്ദര്‍രാജ് പി പറഞ്ഞു. ശേഷിക്കുന്ന നക്‌സലൈറ്റ് കമാന്‍ഡര്‍മാരോട് കീഴടങ്ങാന്‍ അഭ്യര്‍ഥിക്കുമെന്നും അക്രമത്തില്‍ തുടരുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിദ്മയുടെ മരണം ബസ്തര്‍ മേഖലയിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ തടയുമെന്ന് അദ്ദേഹം പറഞ്ഞു. 2026 ഓടെ രാജ്യത്ത് നിന്ന് നക്‌സലിസം ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വച്ചിരിക്കുന്നത്, മാധ്വി ഹിദ്മയുടെ മരണം ആ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായി കണക്കാക്കപ്പെടുന്നുവെന്നാണ് സുന്ദര്‍രാജിന്റെ വാദം.

