ശ്രീലങ്കന്‍ പ്രസിഡന്റ് എവിടെ? പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ വസതിയില്‍നിന്ന് പിന്‍മാറിയില്ല

Update: 2022-07-10 06:55 GMT

കൊളംബോ: സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ വസതിയില്‍തുടരുമ്പോഴും പ്രസിഡന്റ് എവിടെയെന്നതിനെക്കുറിച്ച് ദുരൂഹത തുടരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറിയത്. പ്രധാനമന്ത്രി വിക്രമസിംഗെയുടെ വസതി കത്തിക്കുകയും ചെയ്തു.

പ്രതിഷേധക്കാര്‍ നഗരം വളഞ്ഞശേഷം രാജപക്‌സെ പാര്‍ലമെന്റ് സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധനയുമായി മാത്രമേ ബന്ധപ്പെട്ടിട്ടുള്ളൂ. പ്രസിഡന്റ് ബുധനാഴ്ച രാജിവെക്കുമെന്ന് ശനിയാഴ്ച രാത്രി വൈകി സ്പീക്കറാണ് പ്രഖ്യാപിച്ചത്.

ശനിയാഴ്ച വൈകുന്നേരം നടന്ന സര്‍വകക്ഷി യോഗത്തിന് ശേഷം രാജി ആവശ്യപ്പെട്ട് അബേവര്‍ധന പ്രസിഡന്റിന് കത്തെഴുതിയിരുന്നു. അതിനുശേഷമാണ് രാജിവെക്കാനുള്ള തീരുമാനം പ്രസിഡന്റ് രാജപക്‌സെ സ്പീക്കറെ അറിയിച്ചത്.

രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും അഭാവത്തില്‍ സ്പീക്കര്‍ ആക്ടിംഗ് പ്രസിഡന്റാകും. എംപിമാര്‍ ചേര്‍ന്ന് അടുത്ത പ്രസിന്റിനെ തിരഞ്ഞെടുക്കുംവരെ അദ്ദേഹം തുടരും. പ്രധാനമന്ത്രി വിക്രമസിംഗെയും രാജിസന്നദ്ധത അറിയിച്ചു.

102 പേരെ പരിക്കുകളോടെ പ്രവേശിപ്പിച്ചതായി കൊളംബോ ദേശീയ ആശുപത്രി അറിയിച്ചു. ഇവരില്‍ 11 മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.