ചക്രക്കസേരകള്‍ക്കും തോല്‍പ്പിക്കാനായില്ല; ഏഴാം വയസ്സുകാരന്‍ ഡാനിഷിന്റെ ആദ്യ പുസ്തകം പ്രകാശനം കഴിഞ്ഞു

Update: 2021-12-04 15:07 GMT

കണ്ണൂര്‍: ജനിതക രോഗം ബാധിച്ച് ചലനശേഷി നഷ്ടമായ ഏഴാം ക്ലാസുകാരന്‍ ഡാനിഷിന്റെ ആദ്യ പുസ്തകം കണ്ണൂരില്‍  പ്രകാശനം ചെയ്തു. ചിറകുകള്‍ എന്ന് പേരിട്ടിട്ടുള്ള പുസ്‌കത്തില്‍ 12ാം വയസ്സില്‍ എഴുതിയ പത്ത് കഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

അധ്യാപകരും നാട്ടുകാരും കുടുംബവുമാണ് ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) ബാധിച്ച് ചലനശേഷി നഷ്ടമായ ഡാനിഷിന് തന്റെ സ്വപ്‌നങ്ങള്‍ പൂവിടുന്നതിന് കൂടെ നിന്നത്. 

ഒന്നര വയസ്സിലാണ് ഡാനിഷിന് എസ്എംഎ സ്ഥിരീകരിക്കപ്പെടുന്നത്. എഴുതാനോ ചലിക്കാനോ ഡാനിഷിന് കഴിയില്ലെന്ന് ചികില്‍സിച്ച ഡോക്ടര്‍മാര്‍ ഉറപ്പിച്ചുപറഞ്ഞു. പക്ഷേ, മരുന്നും ഫിസിയോതറാപ്പിയും നിശ്ചയദാര്‍ഢ്യവും ചേര്‍ന്നുനിന്നപ്പോള്‍ കഴിയാത്ത പലതും കഴിഞ്ഞു. പിതാവ് മുത്തലിബ് നല്‍കിയ അബ്ദുള്‍ കലാമിന്റെ അഗ്നിച്ചിറകുകള്‍ ഡാനിഷിനും ചിറകുകള്‍ നല്‍കിയെന്ന് വേണം പറയാന്‍. ഒറ്റ ഇരിപ്പിലാണ് ഡാനിഷ് കലാമിന്റെ പുസ്തകം വായിച്ചുതീര്‍ത്തത്.

ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ കഥ എഴുതുന്നത്, 'അതിജീവനത്തിന്റെ വഴിത്തിരിവ്'. കഥ എല്ലാവര്‍ക്കും ഇഷ്ടമായി, സ്‌കൂളിലും ചര്‍ച്ചാവിഷയമായി. പ്രിന്‍സിപ്പല്‍ സുബൈദയാണ് കഥകള്‍ ഒരു പുസ്തകമാക്കാമെന്ന് പറഞ്ഞത്. എല്ലാവരും പിന്തുണയുമായി കൂടെനിന്നു. പുസ്തകം യാഥാര്‍ത്ഥ്യമായതിനു പിന്നില്‍ ഇങ്ങനെ നിരവധി പേരുണ്ട്.

സ്ഥിരമായി വീല്‍ചെയറിലായതിനാല്‍ ഡാനിഷിന്റ നട്ടെല്ലിനടക്കം ബുദ്ധിമുട്ടുകളുണ്ട്. ആ വേദനക്കിടയിലാണ് പുസ്തകരചന നിര്‍വഹിച്ചത്.