കൊരട്ടിയില്‍ വാട്‌സ്ആപ്പ് പെണ്‍വാണിഭ സംഘം പിടിയില്‍

Update: 2020-08-13 17:23 GMT

മാളഃ (തൃശൂര്‍) വാട്ട്‌സ്ആപ്പ് വഴി ഇടപാട് നടത്തുന്നപെണ്‍വാണിഭസംഘം പിടിയില്‍. പെണ്‍കുട്ടികളുടെ ഫോട്ടോ കാണിച്ച് ആളുകളെ ആകര്‍ഷിച്ച് ഇടപാടുകാരെ തേടുന്ന സംഘത്തെയാണ് മുരിങ്ങൂരിലെ വാടകവീട്ടില്‍ നിന്ന് കൊരട്ടി പോലിസ് അറസ്റ്റ് ചെയ്തത്. വെറ്റിലപ്പാറ സ്വദേശിനി സിന്ധു ഉള്‍പ്പെടെ പത്തു പേരാണ് സംഘത്തിലുള്ളത്.

ഇടപാടുകാര്‍ക്ക് ഇവര്‍ ആദ്യം ഫോട്ടോ അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. താല്‍പ്പര്യമുള്ളവരോട് ഫോണ്‍ പേ അല്ലെങ്കില്‍ ഗൂഗിള്‍ പേ വഴി പണം ആവശ്യപ്പെടും.  പണം അടച്ച ഉടന്‍ എത്തേണ്ട സമയം വാട്‌സാപ്പില്‍ ലഭിക്കും. മുരിങ്ങൂരില്‍ വാടക വീട് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. രാവിലെ മുതല്‍ വീട്ടിലേക്ക് ആളുകളെ എത്തിച്ചിരുന്നു. തുണിത്തരങ്ങളുടെ മൊത്തവ്യാപാരിയാണെന്നാണ് സിന്ധു അയല്‍വീടുകളില്‍ പറഞ്ഞിരുന്നത്.

രാത്രി കാലങ്ങളില്‍ ഒട്ടേറെപേര്‍ ഇവിടെയെത്തിയിരുന്നതായി പൊലിസ് പറഞ്ഞു. പ്രതികളെ പിടികൂടുമ്പോള്‍ വീട്ടില്‍ രണ്ട് സ്ത്രീകളും എട്ട് പുരുഷന്മാരും ഉണ്ടായിരുന്നു. 19,000 രൂപയും ഗര്‍ഭനിരോധന ഉറകളും പ്രതികളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. നാല് വാഹനങ്ങളും പിടിച്ചെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അനാശ്യാസത്തിന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്.

പിടിയിലായ പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് കോട്ടമുറിയിലെ വീട് ഏറെ നാളായി പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു. കൊരട്ടി സി ഐ ബി കെ അരുണിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭ സംഘം പിടിയിലായത്. 

Similar News