ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?: സിനിമയുടെ പേരുമാറ്റല്‍ വിഷയത്തില്‍ ഹൈക്കോടതി

കൊച്ചി: ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള സിനിമയിലെ ജാനകി മാറ്റണമെന്ന സെന്‍സര്‍ബോര്‍ഡിന്റെ നിലപാടില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ജാനകി ഒരു പേരല്ലേയെന്നും ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്നും കോടതി സെന്‍സര്‍ബോര്‍ഡിനോട് ചോദിച്ചു. മതപരമായ പേരാണ് ജാനകി എന്നും അതുകൂടാതെ സ്ത്രീകളെ സംബന്ധിക്കുന്ന തരത്തിലുള്ള പല വിഷയങ്ങളും സിനിമയിലുണ്ട് എന്നുമാണ് സെന്‍സര്‍ബോര്‍ഡിന്റെ മറ്റൊരു വാദം. ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ കാലതാമസം നേരിട്ടാല്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് കാണിച്ചാണ് സിനിമയുടെ നിര്‍മാതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഗീത എന്നും ജാനകി എന്ന പേരൊക്കെ സമൂഹത്തിലുണ്ട്. എന്നാല്‍ ഇനി സിനിമയില്‍ നിങ്ങള്‍ പറയുന്ന വിഷയങ്ങള്‍ ഉണ്ടെന്നിരിക്കട്ടെ, അതൊരു പ്രശ്‌നമാണെങ്കില്‍ അങ്ങനെയുള്ള പ്രശ്‌നം മറ്റു പേരുള്ള സ്ത്രീകളില്‍ കെട്ടിവക്കുന്നതില്‍ കുഴപ്പമില്ലേ എന്നും കോടതി ചോദിച്ചു. 16 വയസ്സില്‍ താഴേയുള്ള കുട്ടികള്‍ക്ക് സിനിമ കാണുന്നതില്‍ വിലക്കുണ്ടെന്നു ചൂണ്ടികാണിച്ച സെന്‍സര്‍ബോര്‍ഡിനോട് അങ്ങനെയെങ്കില്‍ അത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റ് സിനിമക്ക് നല്‍കാലോ, പിന്നെന്തിനാണ് കാരണം കാണിക്കല്‍ നോട്ടിസ് അടക്കമുള്ളവ കാണിച്ച് പ്രശ്‌നം സങ്കീര്‍ണമാക്കുന്നതെന്നും കോടതി ചോദിച്ചു.
തിങ്കളാഴ്ച ഹരജിയില്‍ വീണ്ടും വാദം കേള്‍ക്കാന്‍ മാറ്റിയ കോടതി, വിഷയത്തില്‍ സെന്‍സര്‍ബോര്‍ഡ് കൃത്യമായ റിപോര്‍ട്ട് തിങ്കളാഴ്ച ഹാജരാക്കണമെന്നും പറഞ്ഞു.
കോസ്‌മോസ് എന്റര്‍ടൈന്‍മെന്റ് നിര്‍മിച്ച, പ്രവീണ്‍ നാരായണന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന സിനിമയാണ് ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള. ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. ജൂണ്‍ 12നാണ് ചിത്രം ഇസിനിമാപ്രമാണ്‍ പോര്‍ട്ടല്‍ വഴി സര്‍ട്ടിഫിക്കേഷനായി സമര്‍പ്പിച്ചത്. സിനിമയുടെ സെന്‍സര്‍ പ്രദര്‍ശനം ജൂണ്‍ 18ന് പൂര്‍ത്തിയായിരുന്നു. എന്നാല്‍ സിനിമയുടെ പേരിലെ ജാനകി ഹിന്ദു ദേവതയായ 'സീത'യെ പരാമര്‍ശിക്കുന്നുവെന്നും അത് മാറ്റണമെന്നും കാണിച്ച് പ്രദര്‍ശനാനുമതി തടയുകയായിരുന്നു.