പേരിലെ ഒരക്ഷരം മാറി, ജയിലിൽ കിടന്നത് 22 ദിവസം; 17 വർഷത്തോളം കോടതി കയറിയിറങ്ങി ആഗ്ര സ്വദേശി

Update: 2025-07-27 10:31 GMT

ആഗ്ര : ഒരക്ഷരത്തിൽ സംഭവിച്ച പിഴവ് മൂലമാണ് രാജ്‌വീർ സിംങ് യാദവ് തെറ്റായി അറസ്റ്റിലായത്. പിന്നീട് നടന്ന് 17 വർഷത്തെ നിയമ പോരാട്ടം. ഒടുക്കം നീതി ലഭിച്ചു. ഇത് ആഗ്ര സ്വദേശി അനുഭവിച്ച സഹനത്തിൻ്റെ കഥയാണ്.

17 വർഷത്തിനു മുമ്പ്, അതായത് 2008 ഓഗസ്റ്റ് 31-ന് മെയിൻപുരി പോലിസ് ഐപിസി സെക്ഷൻ 307 (കൊലപാതകശ്രമം), എസ്‌സി/എസ്ടി ആക്ട് എന്നിവ പ്രകാരം എഫ്‌ഐആർ ഫയൽ ചെയ്തു. മെയിൻപുരിയിലെ നാഗ്ല ഭന്ത് ഗ്രാമത്തിൽ നിന്നുള്ള മനോജ് യാദവ്, പ്രവേശന് യാദവ്, ഭോല യാദവ്, രാജ്വീർ സിംങ് യാദവ് എന്നിവരുൾപ്പെടെ നാല് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒരു തിരഞ്ഞെടുപ്പ് തർക്കവുമായി ബന്ധപ്പെട്ട സംഘർഷവുമായി ബന്ധപ്പെട്ടായിരുന്നു കേസ്. തുടർന്ന് താമസിയാതെ ഗുണ്ടാ നിയമം കൂടി വകുപ്പിൽ ചേർത്തു.

എന്നാൽ പോലിസ് പട്ടികപ്പെടുത്തിയ കേസിലെ പ്രതികളിൽ യഥാർഥത്തിൽ രാജ് വീർ എന്ന പേരിനു പകരം വേണ്ടിയിരുന്നത് അയാളുടെ സഹോദരൻ്റെ പേരായ രാം വീർ ആയിരുന്നു. പക്ഷെ അറിയാതെ ഒരക്ഷരം മാറി പോവുകയായിരുന്നു. വൈകാതെ രാജ് വീർ അറസ്റ്റിലായി.

പിന്നീട് അദ്ദേഹം കോടതിയിൽ പോവുകയും ഹരജി സമർപ്പിക്കുകയും ചെയ്തു. വാദം കേട്ട കോടതി അയാളെ കുറ്റവിമുക്തനാക്കി.

ഗ്യാങ്സ്റ്റർ ആക്ട് കേസുകൾ കേട്ടുകൊണ്ടിരുന്ന ജഡ്ജി മുഹമ്മദ് ഇഖ്ബാൽ, തെറ്റുപറ്റിയ പോലീസുകാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്ത് മെയിൻപുരി എസ്എസ്പിക്ക് കത്തെഴുതി. എന്നാൽ കോടതിയിൽ കുറ്റസമ്മതവും ജഡ്ജിയുടെ മുന്നറിയിപ്പും ഉണ്ടായിരുന്നിട്ടും, എസ്ഐ ശിവസാഗർ ദീക്ഷിത് രാജ്‌വീറിനെതിരെ കുറ്റപത്രം സമർപ്പിച്ചു, അതോടെ കേസ് തുടർന്നു. പിന്നീട് 17 വർഷമാണ് രാജ് വീർ നിയമപോരാട്ടം നടത്തിയത്.

"ഞാൻ അല്ല അത് എന്ന് ഞാൻ തറപ്പിച്ചു പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ അവർ കേട്ടില്ല. അവർ എന്നെ പിടിച്ചുകൊണ്ടുപോയി ജയിലിലേക്ക് അയച്ചു," മൂന്ന് പെൺമക്കളുടെയും ഒരു മകന്റെയും പിതാവായ രാജ്‌വീർ പറഞ്ഞു. "ഞാൻ 17 വർഷമായി കേസിൽ പോരാടി. ആ സമയത്ത്, ആരാണ് കേസ് ഫയൽ ചെയ്തതെന്ന് ആർക്കും അറിയില്ലായിരുന്നു.എനിക്ക് ജോലി ചെയ്യാൻ കഴിഞ്ഞില്ല. എനിക്ക് എന്റെ കുട്ടികളെ പഠിപ്പിക്കാൻ കഴിഞ്ഞില്ല. എനിക്ക് എല്ലാം നഷ്ടപ്പെട്ടു."

അദ്ദേഹം കൂട്ടിച്ചേർത്തു: "എന്റെ പെൺമക്കളുടെ വിവാഹം എങ്ങനെയോ നടത്തി. എന്റെ മകന് പഠനം ഉപേക്ഷിക്കേണ്ടി വന്നു. ഞങ്ങൾ തകർന്നുപോയി. തനിക്കെതിരേ ഇങ്ങനെ ചെയ്ത ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും രാജ് വീർ പറഞ്ഞു.

Tags: