'ഒരാള്‍ സൗജന്യമായി കാണുന്നത് മറ്റൊരാള്‍ക്ക് അനിവാര്യമായ ആവശ്യം': മുന്‍ സാമ്പത്തിക ഉപദേഷ്ടാവ്

Update: 2022-08-17 15:51 GMT

ന്യൂഡല്‍ഹി: ഒരാള്‍ സൗജന്യമായി മനസ്സിലാക്കുന്നത് സമൂഹത്തിലെ മറ്റൊരാള്‍ക്ക് അനിവാര്യമായ ആവശ്യമായിരിക്കാമെന്ന് മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. ബിജെപി അഴിച്ചുവിട്ട സൗജന്യങ്ങള്‍ക്കെതിരേയുള്ള യുദ്ധത്തില്‍ സര്‍ക്കാര്‍ വാദങ്ങളെ തള്ളിയാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ രംഗത്തുവന്നത്.

അധികാരത്തില്‍ വന്ന വിവിധ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് ആരോഗ്യവും വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യവും നല്‍കുന്നതില്‍ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ ഒരു പാര്‍ട്ടിക്കും ഇക്കാര്യത്തില്‍ ആരെയും കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബിജെപിയുടെ സൗജന്യങ്ങള്‍ക്കെതിരേയുള്ള യുദ്ധത്തില്‍ സ്വന്തം നിലപാട് വ്യക്തമാക്കി അദ്ദേഹം രംഗത്തുവന്നത്.

ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്‍കുന്നത് രാജ്യത്തിന്റെ സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കുമെന്നും സര്‍ക്കാരുകളെ പ്രതിസന്ധിയിലാക്കുമെന്നുമായിരുന്നു ബിജെപിയുടെ വാദം. അരവിന്ദ് കെജ്രിവാളിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും വളര്‍ച്ച തടയുന്നതിന്റെ ഭാഗമായാണ് ബിജെപി ഇത്തരമൊരു നിലപാട് പ്രചരിപ്പിക്കുന്നതെന്നാണ് കരുതുന്നത്.

സൗജന്യം എന്നത് മധ്യവര്‍ഗക്കാര്‍ പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന ആനുകൂല്യത്തിന്റെ മറുവാക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവര്‍ക്ക് ലഭിക്കുന്ന സൗജന്യങ്ങളെക്കുറിച്ച് അവര്‍ മൗനം പാലിക്കുകയും ചെയ്യും.

ഈ സാഹചര്യത്തില്‍, 2016ല്‍, മുന്‍ ധനമന്ത്രി അന്തരിച്ച അരുണ്‍ ജെയ്റ്റ്‌ലിയുടെ അഭ്യര്‍ത്ഥന പ്രകാരം സാമ്പത്തിക സര്‍വേയില്‍ ഇടത്തരക്കാര്‍ക്ക് നല്‍കിയ സൗജന്യങ്ങളുടെ പട്ടിക തയ്യാറാക്കിയ സമയം അദ്ദേഹം അനുസ്മരിച്ചു. അതില്‍ നിരവധി നികുതിയിളവുകള്‍ നല്‍കിയതിനു പുറമെ നഷ്ടമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതുള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും ഉള്‍ക്കൊള്ളുന്നു.

'ഞാന്‍ ഇവയെ സൗജന്യങ്ങള്‍ എന്ന് വിളിക്കില്ല,' അദ്ദേഹം പറഞ്ഞു. 'ഇവയില്‍ പലതും യഥാര്‍ത്ഥത്തില്‍ വീട്, വൈദ്യുതി, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങി അടിസ്ഥാന ആവശ്യങ്ങളാണ്.

ഒരാളുടെ സൗജന്യം മറ്റൊരാളുടെ അത്യാവശ്യമാണ്. കര്‍ഷകര്‍ക്ക് വൈദ്യുതി സബ്‌സിഡി നല്‍കുന്നതിനെ അദ്ദേഹം ഉദാഹരിച്ചു. കര്‍ഷകര്‍ക്ക് ഇത് ജീവരക്തമാണെങ്കില്‍ പരിസ്ഥിതി പ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം ഇത് വളരെ ഭയാനകമായ കാര്യമാണ്.

Tags:    

Similar News