'രാഹുല്‍ വിഷയത്തില്‍ മുഖ്യമന്ത്രി എന്ത് യുക്തിയുടെ പേരിലാണ് രാജി ആവശ്യപ്പെടുന്നത്'; വിമര്‍ശനവുമായി എംഎം ഹസന്‍
പാര്‍ട്ടി നിലപാടെടുക്കുന്നതിനുമുമ്പ് വനിതാ അംഗങ്ങള്‍ രംഗത്തുവന്നത് തെറ്റെന്നും എംഎം ഹസന്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ വിഷയത്തില്‍ വനിതാനേതാക്കളെ വിമര്‍ശിച്ച് എംഎം ഹസന്‍. പാര്‍ട്ടി നിലപാട് വരുന്നതിനുമുന്‍പ് വനിതാ അംഗങ്ങള്‍ രംഗത്തുവന്നത് തെറ്റ്. പാര്‍ട്ടിയാണ് അന്തിമ തീരുമാനമെടുക്കുന്നത്. അതവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുപുറത്താക്കിയ ഒരാളെ സംരക്ഷിക്കുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും എംഎം ഹസന്‍.
'നിയമസഭയില്‍ പങ്കെടുക്കലും പങ്കെടുക്കാതിരിക്കലും രാഹുലിന്റെ അവകാശമാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വയ്ക്കണമെന്ന് എന്ത് യുക്തിയുടെ പേരിലാണ് മുഖ്യമന്ത്രി പറയുന്നത്. സ്വന്തം മന്ത്രിമാരും എം എല്‍ എ മാരും ആരോപണ വിധേയരായിട്ടും തുടരുന്ന സാഹചര്യത്തിലാണ് രാജി ആവശ്യപ്പെടുന്നത്. സ്വന്തം മുന്നണിയിലുള്ളവരെ സംരക്ഷിക്കുന്ന നിലപാടെടുക്കുന്ന മുഖ്യമന്തിയാണ് രാഹുലിന്റെ രാജിയാവശ്യപ്പെടുന്നത്. രാഹുലിനെതിരെ ഒരാളും പരാതി കൊടുത്തിട്ടില്ലെന്നും അന്വേഷണത്തിലാര്‍ക്കും കുഴപ്പമില്ലെന്നും' ഹസന്‍ പറഞ്ഞു. പരാതിക്കാര്‍ക്ക് പൂര്‍ണ പ്രൊട്ടക്ഷന്‍ നല്‍കുമെന്നുപറഞ്ഞ മുഖ്യമന്ത്രി പരാതിക്കാരുണ്ടോയെന്ന് ചോദിച്ചിറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷാഫി പറമ്പിലിനെ തടയാന്‍ തുനിഞ്ഞിറങ്ങിയാല്‍ കോണ്‍ഗ്രസ് കയ്യുംകെട്ടി നോക്കിനില്‍ക്കില്ല. നിങ്ങളുടെ സ്ത്രീപീഡകരായ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും റോഡിലിറങ്ങി നടക്കാമെന്ന് ഡിവൈഎഫ്‌ഐക്കാര്‍ വ്യാമോഹിക്കേണ്ടതില്ല, യൂത്ത് കോണ്‍ഗ്രസുകാരും കോണ്‍ഗ്രസുകാരും വെറുതെ കയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്നും എം.എം ഹസന്‍ പറഞ്ഞു.