കൊടകര കുഴലൊക്കെ എന്ത്? ഭഗവാന്റെ പേരിലും സാമ്പത്തിക തട്ടിപ്പെന്ന് വി ടി ബല്‍റാം
പാലക്കാട്: സംഘപരിവാറുകാര്‍ ഭഗവാന്റെ പേരിലും സാമ്പത്തികത്തട്ടിപ്പുനടത്തുന്നവരാണെന്നും അതിന്റെ മുന്നില്‍ കൊടകരയിലെ കുഴല്‍പ്പണമൊന്നും ഒന്നുമല്ലെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വി ടി ബല്‍റാം. രാം മന്ദിര്‍ ട്രസിറ്റിലെ അംഗങ്ങള്‍ തട്ടിപ്പുനടത്തിയ വിവരം പങ്കുവച്ച് ഫേസ്ബുക്കിലാണ് വി ടി ബല്‍റാമിന്റെ പരിഹാസം.
''അയോധ്യയില്‍ 5.8 കോടിയോളം ന്യായവില വരുന്ന സുമാര്‍ 3 എക്കര്‍ സ്ഥലം ഒരു ദിവസം വൈകീട്ട് 7.10 ന് സ്ഥലമുടമകളില്‍ നിന്ന് വെറും 2 കോടി രൂപക്ക് ചില റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ വാങ്ങുന്നു. വെറും 5 മിനിറ്റിനുള്ളില്‍, അതായത് 7.15 ന് ഇതേ സ്ഥലം 18.5 കോടി രൂപക്ക് റിയല്‍ എസ്റ്റേറ്റുകാര്‍ രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന് മറിച്ചു വില്‍ക്കുന്നു. ഉടന്‍ തന്നെ 17 കോടി രൂപ ബാങ്ക് വഴി കൈപ്പറ്റുന്നു. രണ്ട് ഇടപാടിനും സാക്ഷികള്‍ ഒരേ ആള്‍ക്കാര്‍ തന്നെ. രാമജന്മഭൂമി ട്രസ്റ്റിലെ അംഗം അനില്‍ മിശ്രയും അയോധ്യയിലെ ബിജെപിക്കാരനായ മേയര്‍ റിഷികേശ് ഉപാധ്യായയും. ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ വിശ്വഹിന്ദു പരിഷത്തിന്റെ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ചമ്പത് റായിയുടെ കാര്‍മ്മികത്ത്വത്തിലാണ് മൊത്തം ഡീലുകള്‍. ഭഗവാന്‍ രാമന്റെ പേരില്‍പ്പോലും സാമ്പത്തികത്തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്താന്‍ മടിയില്ലാത്തവര്‍ക്ക് കൊടകര കുഴലൊക്കെ എന്ത്!'' -ബല്‍റാം ചോദിച്ചു.
മാര്‍ച്ചില്‍ ട്രസ്റ്റ് അംഗങ്ങളുടെ ഒത്താശയോടെ നടന്ന തട്ടിപ്പുകള്‍ രണ്ട് വ്യത്യസ്ത വാര്‍ത്താസമ്മേളനത്തിലൂടെ എഎപിയുടെയും എസ്പിയുടെയും നേതാക്കളാണ് പുറത്തുവിട്ടത്. 2 കോടി രൂപക്കു വാങ്ങിയ വസ്തു, 18 കോടി രൂപക്ക് മറിച്ചു വിറ്റുവെന്നും മിനിട്ടുകള്‍ക്കുളളില്‍ നടന്ന രണ്ട് ഡീലുകളിലും ഒരാള്‍തന്നെയാണ് ഒപ്പിട്ടതെന്നും നേതാക്കള്‍ ആരോപിച്ചിരുന്നു.