'സൂരജ് ലാമയെ കണ്ടെത്താന്‍ പോലിസ് എന്ത് ചെയ്തു?'; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമ(58)യുടെ മരണത്തില്‍ പോലിസിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കേസ് എടുത്തിട്ട് ലാമയെ കണ്ടെത്താന്‍ പോലിസ് എന്ത് ചെയ്തു എന്ന് കോടതി ചോദിച്ചു. സംഭവത്തില്‍ ലജ്ജ തോന്നുന്നു എന്നും സൂരജ് ലാമയുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമായി നെടുമ്പാശ്ശേരി എസ്എച്ചഒ തിങ്കളാഴ്ച ഹാജരാകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പോലിസ് കൃത്യമായി നടപടി എടുത്തില്ലെന്ന് വിമര്‍ശിച്ച കോടതി, രാജ്യത്ത് ജീവിക്കണമെങ്കില്‍ എന്തെങ്കിലും അധികാരം ആവശ്യമാണോയെന്നും ചോദിച്ചു. പോലിസ് ലാമയുടെ ഡിഎന്‍എ പരിശോധന റിപോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു. ലാമയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
കുവൈറ്റ് മദ്യ ദുരന്തത്തില്‍ ഇരയായി ഓര്‍മ്മശക്തി നഷ്ടപ്പെട്ടാണ് ലാമ ഒക്ടോബര്‍ അഞ്ചിന് നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയത്. കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെടുകയായിരുന്നു. തുടര്‍ന്ന് ലാമയെ കാണാതാവുകയും പിന്നീട് പോലിസ് കണ്ടെത്തി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതിനുശേഷവും ലാമ അവിടെനിന്നും പോയിരുന്നു. മകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിക്കു പിന്നാലെ കോടതി നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം ലാമയ്ക്കായി തിരച്ചില്‍ നടത്തി. രണ്ടുമാസം മുന്‍പാണ് കളമശ്ശേരി എച്ച്എംടി പരിസരത്തു നിന്നും ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. പിന്നീട് ഡിഎന്‍എ പരിശോധന ഫലത്തിനുവേണ്ടി കുടുംബം കാത്തിരിക്കുകയായിരുന്നു. ഇത് സംഭവിച്ചത് കേരളത്തിലാണ് എന്നതാണ് തന്നെ നിരാശപ്പെടുത്തുന്നതെന്ന് ലാമയുടെ മകന്‍ സാന്‍ടന്‍ ലാമ പ്രതികരിച്ചു.
നഗരത്തില്‍ നിരീക്ഷണമില്ലാതെ ഒരു സ്ഥലം എങ്ങനെ ഉണ്ടാവുന്നുവെന്നും നാളെ ആരെങ്കിലും ഒരാളെ കൊന്ന് കൊണ്ടിട്ടാല്‍ എങ്ങനെ അറിയുമെന്നും കോടതി ചോദിച്ചിരുന്നു. പോലിസിനും മെഡിക്കല്‍ കോളേജിനും വലിയ വീഴ്ചയുണ്ടായി. പോലിസിന്റെ മൂക്കിന്‍തുമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തുന്നത്. ലാമയെ കാണാനില്ലെന്ന് മകന്‍ പരാതി കൊടുത്തിട്ടും പോലിസിനും മെഡിക്കല്‍ കോളജിനും അനാസ്ഥയുണ്ടായെന്നും കോടതി വിമര്‍ശിച്ചിരുന്നു. ഇന്ന് ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് ഹൈക്കോടതി വീണ്ടും രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
