ലോക്ക് ഡൗണ്‍-5 സാധ്യതകള്‍ എന്തൊക്കെ?: ടൂറിസത്തിന് ഇളവുണ്ടായേക്കും; കേന്ദ്രം സംസ്ഥാനങ്ങളുടെ നിര്‍ദേശമാരായും

Update: 2020-05-30 07:18 GMT

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ആരംഭിച്ച ശേഷം രാജ്യം കടന്നുപോകുന്ന സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്താകും ലോക്ക്ഡൗണ്‍- 5ന്റെ ഇളവുകള്‍ തീരുമാനിക്കുക എന്നാണ് ഇതുവരെ ലഭ്യമായ സൂചനകളെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. ഇക്കാലയളവില്‍ ടൂറിസം മേഖലകളില്‍ ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഏതൊക്കെ മേഖലകളില്‍ ഇളവ് ആകാമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ കൂടെ നിര്‍ദേശം ആരാഞ്ഞശേഷമായിരിക്കും നടപടി.

ലോക്ക് ഡൗണിനുശേഷം പല സര്‍ക്കാരുകളും സാമ്പത്തികമായി പാപ്പരാകാന്‍ തുടങ്ങിയിട്ടുണ്ട്. നികുതി വരുമാനത്തിന്റെ കുറവും സാമ്പത്തികപ്രവര്‍ത്തനങ്ങളുടെ അഭാവവും കാരണമാണ്.

പോണ്ടിച്ചേരി, ഗോവ, കേരളം, ചില വടക്ക് കിഴക്ക് സംസ്ഥാനങ്ങള്‍ എന്നിവ ടൂറിസത്തില്‍ നിന്നാണ് വരുമാനത്തിന്റെ വിലിയൊരളവു വരെ നേടുന്നത്. അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ കാലത്ത് ഇക്കാര്യം പരിഗണിക്കണമെന്നാണ് കേന്ദ്രത്തിന്റെ ഒരു ആലോചന. ഈ കാലയളവില്‍ ഹോട്ടലുകളും ബീച്ചുകളും എങ്ങനെ തുറക്കാന്‍ കഴിയുമെന്ന് ആലോചന നടക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ അനുദിക്കണമെന്നാണ് ആലോചന.

'' ടൂറിസത്തിലും ആതിഥേയ വ്യവസായത്തിലും ഗൗരവമായി ഊന്നുന്ന ഈ സംസ്ഥാനങ്ങള്‍ നിന്ന് നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള സമ്മര്‍ദ്ദമുണ്ട്. ടൂറിസത്തിനും ആതിഥ്യ യ വ്യവസായത്തിനും ലോക്ക്ഡൗണ്‍ 5 കാലത്ത് പുതുജീവന്‍ നല്‍കാനാവുമെന്നാണ് പ്രതീക്ഷ''- കേന്ദ്ര സര്‍ക്കാരിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

ആരോഗ്യ സേതു ആപ് ഉപയോഗിച്ച് ഉപഭോക്താക്കളെ തരം തിരിക്കുന്ന രീതി ഉപയോഗിക്കാനാവുമോ എന്ന ആലോചന നടക്കുന്നുണ്ട്. സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കുക, ഇരിപ്പിടങ്ങളുടെ എണ്ണം കുറയ്ക്കുക, പ്രവേശിപ്പിക്കുന്നവരുടെ ശരീരതാപം അളക്കുക, ആരോഗ്യസേതു ആപ് ഉപയോഗിക്കുക ഇതൊക്കെയായിരിക്കും ഉണ്ടാവാന്‍ സാധ്യതയുള്ള നിര്‍ദേശങ്ങള്‍.

ലോക്ക് ഡൗണ്‍ 5ല്‍ പുതുതായി ചില ആസൂത്രണങ്ങള്‍ നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടക്കുന്നതേയുള്ളൂ.

അതിനിടയില്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ചിരുന്നു. ലോക്ക് ഡൗണ്‍ 15 ദിവസത്തേക്ക് നീട്ടാനാണ് ഗോവയുടെ താല്‍പര്യം.

50 ശതമാനം ഇളവോടെ ഹോട്ടലുകളും ജിമ്മും തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഗോവയുടെ ഭാഗത്തുനിന്നുണ്ടായിട്ടിണ്ട്. ബംഗളൂരുവില്‍ ഹോട്ടലുകള്‍ ജൂണില്‍ തുറക്കാന്‍ തീരുമാനിച്ചതായി അറിഞ്ഞിട്ടുണ്ട്. അതിനുള്ള നിര്‍ദേശങ്ങള്‍ ഏകദേശം ധാരണയായിട്ടുണ്ട്. ലോക്ക് ഡൗണ്‍ രണ്ടാം ഘട്ടത്തിനു ശേഷം കാര്‍ഷികപ്രവര്‍ത്തനങ്ങളില്‍ വലിയ തോതില്‍ ഇളവ് നല്‍കിയിരുന്നു.


Tags: