മുഖം തിരിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങള്‍; താലിബാന്‍ സര്‍ക്കാരിനെ സ്വാഗതം ചെയ്ത് ചൈന

Update: 2021-09-08 14:39 GMT

കാബൂള്‍: അഫ്ഗാന്‍ ഇടക്കാല സര്‍ക്കാരിലെ എല്ലാ അംഗങ്ങളുടെയും പേര് വിവരങ്ങള്‍ താലിബാന്‍ പ്രഖ്യാപിച്ചതോടെ വിവിധ രാജ്യങ്ങളുടെ പ്രതികരണങ്ങളും വന്നുതുടങ്ങി. പൊതുവെ പറഞ്ഞാല്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ താലിബാന്‍ സര്‍ക്കാരിന്റെ എതിര്‍പക്ഷത്താണ്. ചൈനയാകട്ടെ താലിബാനെ അംഗീകരിച്ചുകൊണ്ടുള്ള നിലപാടാണ് എടുത്തത്. താലിബാന്‍ സുപ്രധാന സ്ഥാനങ്ങളില്‍ നിയോഗിച്ച നേതാക്കളുമായി ബന്ധപ്പെട്ടായിരുന്നു ലോകരാജ്യങ്ങളുടെ പ്രതികരണം.

പുറത്തുവിട്ട വിവരമനുസരിച്ച് യുഎന്‍ ഉപരോധം നേരിടുന്നയാളാണ് അഫ്ഗാന്‍ പ്രധാനമന്ത്രിയാവുക. ആഭ്യന്തര മന്ത്രിയാകട്ടെ യുഎസ്സിന്റെ ഭീകരപട്ടികയില്‍ ഉള്‍പ്പെട്ടയാളും.

മുല്ല മുഹമ്മദ് ഹസന്‍ അഖുന്ദ് ആണ് താലിബാന്‍ പട്ടികയില്‍ ഒന്നാമന്‍. അദ്ദേഹമാണ് പ്രധാനമന്ത്രി പദം അലങ്കരിക്കുക. താലിബാന്‍ സ്ഥാപകാംഗം അബ്ദുല്‍ ഖാനി ബറാദര്‍ രണ്ടാമനാവും. അദ്ദേഹമാണ് 2020ലെ അമേരിക്കയുമായി പിന്‍വാങ്ങല്‍ കരാര്‍ ഒപ്പുവച്ചത്. ഇപ്പോഴദ്ദേഹം ഉപപ്രധാനമന്ത്രിയാണ്.

ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖാനിയാണ് അടുത്ത പ്രധാനി. ഹഖാനി നെറ്റ് വര്‍ക്കിന്റെ സ്ഥാപകരിലൊരാള്‍. വാഷിങ്ടണ്‍ ഭീകരരായി പ്രഖ്യാപിച്ച സംഘമാണ് ഹഖാനി. എഫ്ബിഐയുടെ പട്ടികയിലും അദ്ദേഹമുണ്ട്.

ഈ സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളുടെ പ്രതികരണങ്ങളും വൈവിധ്യമുള്ളതായിരുന്നു.

താലിബാന്‍ സര്‍ക്കാരില്‍ ഉള്‍പ്പെട്ട ചിലരുടെ പ്രൊഫൈല്‍ ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് ആദ്യം പ്രതികരിച്ചത്. ചിലരുടെ ട്രാക്ക് റെക്കോര്‍ഡില്‍ പ്രശ്‌നമുണ്ടെന്നും സ്ത്രീകളാരും പട്ടികയിലില്ലെന്നതുമാണ് അദ്ദേഹത്തിന്റെ മറ്റൊരു വിമര്‍ശനം.

എങ്കിലും ഇത് ഇടക്കാല സര്‍ക്കാരാണെന്ന വിശദീകരണം തങ്ങള്‍ മുഖവിലക്കെടുക്കുന്നതായി അമേരിക്കന്‍ വക്താവ് അംഗീകരിച്ചു. വാക്കല്ല, പ്രവൃത്തിയാണ് വേണ്ടതെന്നും അദ്ദേഹം കുറിച്ചു.

തങ്ങള്‍ അഫ്ഗാനിലെ സ്ഥിതിഗതികള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്നതായി തുര്‍ക്കി പ്രിസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. ഇടക്കാല സര്‍ക്കാര്‍ എത്രകാലം തുടരുമെന്ന് അറിയില്ല. എന്തായാലും എല്ലാ സംഭവികാസങ്ങളും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.- കോംഗൊയിലേക്കുള്ള ഔദ്യോഗിക യാത്രക്കിടയില്‍ അദ്ദേഹം പറഞ്ഞു.

താലിബാന്‍ പ്രായോഗികമായാണ് പ്രവര്‍ത്തിച്ചതെന്ന് ഖത്തര്‍ പ്രതികരിച്ചു. അവരുടെ പ്രയോഗം കൊണ്ടാണ് അവരെ വിലയിരുത്തേണ്ടതെന്ന് ഖത്തര്‍ സര്‍ക്കാരിലെ ഒരു പ്രമുഖനെ ഉദ്ധരിച്ച് എഎഫ്പി റിപോര്‍ട്ട് ചെയ്തു. താലിബാന്‍ അഫ്ഗാനിലെ ഭരണാധികാരികളാണെന്ന കാര്യത്തില്‍ ഖത്തറിന് തര്‍ക്കമില്ല.

അവര്‍ പ്രായോഗികമായാണ് പ്രവര്‍ത്തിച്ചത്. അവിടെ ധാരാളം സാധ്യതകളുണ്ട്. അവരുടെ പൊതുവായ പ്രവൃത്തികള്‍ പരിശോധിക്കാം- വിദേശകാര്യമന്ത്രി ലോല്‍വ അല്‍ ഖത്തര്‍ പറഞ്ഞു. അവര്‍ അഫ്ഗാന്റെ ഭരണാധികാരികളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. 

മൂന്ന് മാസത്തെ അരാജകത്വത്തിന് അന്ത്യമായെന്ന് ചൈന. താലിബാന്‍ കാബൂളില്‍ ക്രമസമാധാനം സ്ഥാപിച്ചുവെന്നും ചൈന പ്രതികരിച്ചു.

അമേരിക്കയുടെ പിന്‍മാറ്റം ആസൂത്രിതമായ രീതിയിലായിരുന്നില്ലെന്ന് ചൈന കുറ്റപ്പെടുത്തി. പുതിയ സര്‍ക്കാര്‍ സുസിസ്ഥിരത കൊണ്ടുവരുമെന്ന പ്രതീക്ഷയുണ്ട് ചൈനക്ക്.

പുതിയ സര്‍ക്കാര്‍ പ്രഖ്യാപനത്തെ ചൈന സുപ്രധാനമായി കരുതുന്നു. ആഴ്ചകളായി തുടരുന്ന അരാജകത്വം ഇല്ലാതാവണം. രാജ്യത്തെ പുനഃസൃഷ്ടിക്കണം. അതിന് പുതിയ ഭരണം സാധ്യതയൊരുക്കും.

മറ്റുള്ളവര്‍ കാത്തിരുന്ന് കാണാം എന്നാണ് പറയുന്നതെങ്കിലും ചൈന താലിബാനുമായി ബന്ധം സ്ഥാപിക്കുന്ന കാര്യം ഉറപ്പിച്ചുകഴിഞ്ഞു.

വ്യത്യസ്ത വിഭാഗങ്ങളെ സര്‍ക്കാരില്‍ ഉള്‍ക്കൊള്ളിക്കുന്നതില്‍ താലിബാന്‍ പരാജയപ്പെട്ടെന്ന് യുറോപ്യന്‍ യൂനിയന്‍ കുറ്റപ്പെടുത്തി. പുറത്തുവന്ന പേരുകള്‍ വിവിധ ജനവിഭാഗങ്ങളെ ഉള്‍പ്പെടുത്തുന്നതായിരുന്നില്ലെന്നും അവര്‍ പ്രതികരിച്ചു. 

സര്‍ക്കാരുകളെ അംഗീകരിക്കുന്നത് യുഎന്റെ പണിയല്ലെന്നാണ് യുഎന്‍ വക്താവ് ഫര്‍ഹാന്‍ ഹഖ് പറയുന്നത്. അത് അംഗരാജ്യങ്ങളുടെ ചുമതലയാണ്. സംവാദാത്മകവും മറ്റുള്ളവരെ ഉള്‍ക്കൊള്ളുന്നതുമായ സമീപനമാണ് അഫ്ഗാനില്‍ സമാധാനം കൊണ്ടുവരികയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

താലിബാന്‍ ഇടക്കാല സര്‍ക്കാരില്‍ സ്ത്രീകളെ ഉള്‍ക്കൊള്ളിക്കാത്തതില്‍ യുഎന്‍ വിമെന്‍ അതൃപ്തി പ്രകടിപ്പിച്ചു. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ പാലിക്കണം.

ഇന്ത്യ കൃത്യമായ തീരുമാനത്തിലെത്തിയിട്ടില്ല. എങ്കിലും ഇടപെടുന്നതിനുളള ശ്രമങ്ങള്‍ നടക്കുന്നു. ചില ചര്‍ച്ചകള്‍ നടത്തുന്നു. 

Tags:    

Similar News