ആഘോഷങ്ങളില്‍ നിയന്ത്രിതമായ തോതില്‍ ഹരിതപടക്കങ്ങള്‍ക്ക് അനുമതി നല്‍കി പശ്ചിമ ബംഗാള്‍

Update: 2021-10-27 10:52 GMT

കൊല്‍ക്കത്ത: ഉല്‍സവകാലത്ത് ഹരിത പടക്കങ്ങള്‍ നിയന്ത്രിതമായ തോതില്‍ ഉപയോഗിക്കാന്‍ പശ്ചിമ ബംഗാള്‍ ഭരണകൂടം അനുമതി നല്‍കി. വരാനിരിക്കുന്ന ദീപാവലി, ഛത്ത് പൂജ, ക്രിസ്മസ്, പുതുവല്‍സരാഘോഷം എന്നീ സമയങ്ങളിലാണ് നിയന്ത്രണങ്ങളോടെ ഹരിത പടക്കമുപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. 

കൂടാതെ പടക്കങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. പടക്കങ്ങളുടെ വില്‍പ്പനയും ഉപയോഗവും രാവിലെ 8നും രാത്രി പത്തിനും ഇടയില്‍ ഒതുക്കിനിര്‍ത്തണം. ഛത്ത് പൂജയ്ക്ക് അത് രാവിലെ ആറ് മുതല്‍ രാത്രി എട്ട് വരെയാണ്. പുതുവല്‍സര ദിനത്തില്‍ രാത്രി 11.55 മുതല്‍ രാത്രി 12.30വരെയായിരിക്കും.

ഉല്‍സവ സമയത്ത് ഒഴിച്ച് പടക്കങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണം. ജില്ലാ മജിസ്‌ട്രേറ്റ്, പോലിസ് കമ്മീഷ്ണര്‍മാര്‍ എന്നിവര്‍ക്കാണ് അനുമതി നല്‍കാനുള്ള അധികാരം. രണ്ട് മണിക്കൂര്‍ നേരത്തേക്കു മാത്രമേ അനുമതി ലഭിക്കുകയുള്ളൂ. നവംബര്‍ 4നാണ് ഈ വര്‍ഷത്തെ ദീപാവലി. 

സാധാരണ ഉപയോഗിക്കുന്ന പടക്കങ്ങളേക്കാള്‍ വായുമലിനീകരണം കുറഞ്ഞ പടക്കങ്ങളാണ് ഹരിത പടക്കങ്ങള്‍. സാധാരണ 30 ശതമാനത്തില്‍ കുറവായിരിക്കും മലിനീകരണത്തിന്റെ തോത്. ബേരിയം നൈട്രേറ്റ് ഉപയോഗിക്കില്ല. മാത്രമല്ല, ലിഥിയം, ആര്‍സെനിക്, ലെഡ് എന്നിവയും ഉണ്ടാകില്ല. 

Tags: