ദേശീയ വിദ്യാഭ്യാസ നയം 2020: രാജ്യത്തെ വിവരാധിഷ്ഠിത സമ്പദ്ഘടനയാക്കാനുള്ള ശ്രമമെന്ന് പ്രധാനമന്ത്രി

Update: 2020-09-07 06:14 GMT

ന്യൂഡല്‍ഹി: ഇന്ത്യയെ വിവരാധിഷ്ഠിത സമ്പദ്ഘടനയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ദേശീയ വിദ്യാഭ്യാസ നയം 2020 എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മസ്തിഷ്‌ക ചോര്‍ച്ച പോലുള്ള വലിയ പ്രശ്‌നങ്ങള്‍ രാജ്യം പരിഹരിക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

നാം ഒരു വിവരാധിഷ്ഠിത സമ്പദ്ഘടന കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്. മസ്തിഷ്‌ക ചോര്‍ച്ച ഇല്ലാതാക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ കാമ്പസുകളെ നമ്മുടെ രാജ്യത്തേക്ക് കൊണ്ടിവരികയാണ്. അതുവഴി അത്തരം സ്ഥാപനങ്ങളെ നമ്മുടെ യുവാക്കള്‍ക്ക്് എത്തിപ്പിടിക്കാന്‍ കഴിയുന്നതാക്കും-പ്രധാനമന്ത്രി ്അഭിപ്രായപ്പെട്ടു.

ദേശീയ വിദ്യാഭ്യാസ നയം 2020 മായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്ന ഗവര്‍ണമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. യോഗത്തില്‍ രാഷ്ട്രപതിയും പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ പരിവര്‍ത്തിപ്പിക്കുന്നതില്‍ ദേശീയ വിദ്യാഭ്യാസനയം 2020ന്റെ പങ്ക് എന്ന വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പാണ് യോഗം സംഘടിപ്പിച്ചിട്ടുള്ളത്.

വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്കു പുറമെ വിദ്യാഭ്യാസമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. വൈസ് ചാന്‍സ്ലര്‍മാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.

അറിവിന്റെ കാര്യത്തിലും കഴിവിന്റെ കാര്യത്തിലും എന്‍ഇപി രാജ്യത്തെ യുവജനങ്ങളെ പ്രാപ്തരാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ കാലത്ത് ലോകം വേഗത്തിലാണ് മുന്നേറുന്നത്. തൊഴിലും അതിനനുസരിച്ച് മാറി. അതിനനുസരിച്ച് ഭാവിയും കരുപ്പിടിപ്പിക്കേണ്ടതുണ്ട്- പ്രധാനമന്ത്രി പുതിയ വിദ്യാഭ്യാസ നയത്തെ കുറിച്ച് പറഞ്ഞു.

പശ്ചിമ ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി യോഗത്തില്‍ വിദ്യാഭ്യാസ നയത്തിനെതിരേ നിലപടെടുക്കുമെന്നാണ് കരുതുന്നത്. വിദ്യാഭ്യാസ നയം സംസ്ഥാനത്തിന്റെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റാണ് എന്നാണ് ബംഗാളിന്റെ നിലപാട്. വിദ്യാഭ്യാസം സംസ്ഥാനപട്ടികയില്‍ ഉള്‍പ്പെട്ട വിഷയമാണെന്നതിനാല്‍ അതില്‍ അമിതമായി ഇടപെടുന്നത് സംസ്ഥാനങ്ങളുടെ അവകാശങ്ങളിലുള്ള ഇടപെടലാണെന്ന് മമതാ ബാനര്‍ജി പറഞ്ഞിരുന്നു. കേരളവും വിദ്യാഭ്യാസ നയത്തിന് എതിരാണ്.  

Tags: