വെല്‍ഫെയര്‍ പാര്‍ട്ടി റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിന് മുന്നില്‍ യുദ്ധവിരുദ്ധ സംഗമം നടത്തി

പ്രതിഷേധ പരിപാടി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ ഷെഫീഖ് ഉദ്ഘാടനം ചെയ്തു

Update: 2022-03-04 14:17 GMT

തിരുവനന്തപുരം: 'റഷ്യയുടെ ഉക്രൈന്‍ അധിനിവേശം അവസാനിപ്പിക്കുക' എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിന് മുന്നില്‍ പോലിസ് തടഞ്ഞു. യുദ്ധവിരുദ്ധ സംഗമം എന്ന പേരില്‍ നടന്ന പ്രതിഷേധ പരിപാടി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. എ ഷെഫീഖ് ഉദ്ഘാടനം ചെയ്തു. സൈനിക ശക്തിയില്‍ മറ്റ് രാജ്യങ്ങളുടെ മുന്നേറ്റം അനുവദിക്കില്ലെന്ന ഏകപക്ഷീയമായ തീരുമാനത്തിന്റെ ഭാഗമായാണ് റഷ്യ അക്രമം അഴിച്ചു വിടുന്നതെന്ന് കെ. എ ഷെഫീഖ് പറഞ്ഞു. യുദ്ധം പോലുള്ള മഹാ വിനാശകരമായ സംഭവങ്ങളോട് എന്നും ശക്തമായി നിലകൊണ്ടു സംസ്ഥാനമാണ് കേരളം. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളോട് തികഞ്ഞ നിസ്സംഗത പുലര്‍ത്തുകയാണ് കേരളത്തിലെ വ്യത്യസ്ത സാമൂഹിക രാഷ്ട്രീയ സംഘടനകള്‍ ചെയ്യുന്നത്. ആര്‍ജ്ജവത്തോടെ നിലപാട് വ്യക്തമാക്കാനും യുദ്ധവിരുദ്ധ ചേരിയില്‍ നിലകൊള്ളാനും സംഘടനകള്‍ക്ക് കഴിയണം.

പത്തുലക്ഷത്തിലേറെ ജനങ്ങളുടെ പലായനത്തിന് ഈ യുദ്ധം കാരണമായിട്ടുണ്ട്. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കുകയും ലോകജനതയ്ക്ക് തന്നെ സമാനതകളില്ലാത്ത ദാരിദ്ര്യം സമ്മാനിക്കുകയുമാണ് അധിനിവേശം നടക്കുന്നത്. റഷ്യയുടെ അധിനിവേശ ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്. റഷ്യയുടെ ഏകപക്ഷീയമായ അധിനിവേശത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ല പ്രസിഡന്റ് എന്‍എം അന്‍സാരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മെഹബൂബ് പൂവാര്‍, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ആദില്‍ അബ്ദുല്‍ റഹിം, കോര്‍പറേഷന്‍ സെക്രട്ടറി സൈഫുദ്ദീന്‍ പരുത്തിക്കുഴി, ഷാജി അട്ടക്കുളങ്ങര സംസാരിച്ചു.

Tags:    

Similar News