പൗരത്വ പട്ടിക വ്യാപനത്തെയും പൗരത്വ ഭേദഗതി ബില്ലിനേയും ചെറുക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി

സാമ്പത്തിക മേഖലയിലേയും ക്ഷേമ-വികസനവുമായി ബന്ധപ്പെട്ട മറ്റു മര്‍മ പ്രധാന വിഷയങ്ങളിലേയും തങ്ങളുടെ പരാജയം മറച്ചുവെക്കാനും മനപ്പൂര്‍വ്വം കാര്യങ്ങള്‍ വഴി തിരിച്ചുവിടാനുമുള്ള വ്യര്‍ത്ഥമായ അഭ്യാസമാണിത്.

Update: 2019-12-05 12:42 GMT

ന്യൂഡല്‍ഹി: രാജ്യത്തുടനീളം ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) നടപ്പാക്കാനുള്ള നീക്കത്തെയും നിര്‍ദ്ദിഷ്ട പൗരത്വ ഭേദഗതി ബില്ലിനെയും (സിഎബി) ചെറുക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് (ജിഎഎച്ച്) വൈസ് പ്രസിഡന്റ് മുഹമ്മദ് സലിം എഞ്ചിനീയര്‍. മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്‍ആര്‍സി രാജ്യമാകെ നടപ്പാക്കുമെന്ന ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനത്തില്‍ കടുത്ത ആശങ്കയുണ്ട്.

സാമ്പത്തിക മേഖലയിലേയും ക്ഷേമ-വികസനവുമായി ബന്ധപ്പെട്ട മറ്റു മര്‍മ പ്രധാന വിഷയങ്ങളിലേയും തങ്ങളുടെ പരാജയം മറച്ചുവെക്കാനും മനപ്പൂര്‍വ്വം കാര്യങ്ങള്‍ വഴി തിരിച്ചുവിടാനുമുള്ള വ്യര്‍ത്ഥമായ അഭ്യാസമാണിത്. വിദേശികളെയോ അനധികൃത കുടിയേറ്റക്കാരെയോ തിരിച്ചറിയുന്നതിന് നടപടിക്രമങ്ങളും നിയമങ്ങളും നിലവിലുണ്ടെന്നിരിക്കെ 135 കോടി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത് നീതീകരിക്കാനാവില്ല.

അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ പട്ടികയുടെ പരാജയം ഇതിന്റെ നിരര്‍ത്ഥകത വ്യക്തമാക്കുന്നതാണ്. 20 ലക്ഷം പേരാണ് അന്തിമ പട്ടികയില്‍ ഇടംപിടിക്കാതെ പോയത്. അവരെ എന്തുചെയ്യണമെന്നതിനെക്കുറിച്ച് സര്‍ക്കാരിന് ഒരു ധാരണയുമില്ല. അന്തിമ പട്ടികയിലൂടെ അസമില്‍ 40 ലക്ഷം നുഴഞ്ഞുകയറ്റക്കാര്‍ ഉണ്ടെന്ന ആവര്‍ത്തിച്ചുള്ള വാദം അന്തിമ പട്ടികയിലൂടെ തെറ്റാണെന്ന് തെളിഞ്ഞു. എന്‍ആര്‍സി രാജ്യവ്യാപകമായി മുഴുവന്‍ പൗരന്‍മാര്‍ക്കും വിശിഷ്യാ ന്യൂനപക്ഷങ്ങള്‍ക്കും പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കും. ഇത്തരം രാഷ്ട്രീയ പ്രസ്താവനകളില്‍ പൊതു ജനം ചകിതരാകരുതെന്നും എന്നാല്‍, തങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ കാലികമായിരിക്കണമെന്നും പ്രസ്താവന ഓര്‍മിപ്പിക്കുന്നു. പൗരത്വ ഭേദഗതി ബില്‍ (സിഎബി) നമ്മുടെ ഭരണഘടനയുടെ അന്തസത്തയ്ക്കു വിരുദ്ധവും വിവേചനപരവുമാണ്.

ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന ഹിന്ദുക്കള്‍ക്ക് മാത്രം പൗരത്വം നല്‍കാന്‍ നിര്‍ദേശിക്കുന്നതാണിത്. ഭരണഘടന സ്ഥാപകര്‍ വിഭാവനം ചെയ്ത എല്ലാറ്റിനേയും ഉള്‍കൊള്ളുന്ന വൈവിധ്യമാര്‍ന്ന, മതേതര, ജനാധിപത്യ രാഷ്ട്രമെന്ന ഇന്ത്യയുടെ അടിസ്ഥാന ആശയത്തിന് വിരുദ്ധമാണ് ഈ ബില്‍. സാമുദായിക ധ്രുവീകരണ അജണ്ടയുടെ ഭാഗമാണിത്. ഇന്ത്യന്‍ ജനത അത്തരം ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തിന് ഇരയാകില്ലെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ട്. പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തങ്ങളുടെ പങ്ക് വഹിക്കുമെന്നും ഈ വ്യര്‍ത്ഥമായ ബില്ലുകള്‍ പാസാക്കുന്നത് തടയുമെന്ന് പ്രതീക്ഷിക്കുന്നതായും ജമാഅത്തെ ഇസ്‌ലാമി വ്യക്തമാക്കി.

Tags:    

Similar News