'ഇക്കടലും നമ്മള്‍ കടക്കും കുറുകെ...'; ചെറുത്തുനില്‍പ്പിന്റെ ത്രസിപ്പിക്കുന്ന സംഗീതവുമായി റമീസ് മുഹമ്മദിന്റെ 'വെച്ചോ ഫൂട്ട്'
കോഴിക്കോട്: തിരക്കഥാകൃത്തും സുല്‍ത്താന്‍ വാരിയംകുന്നന്‍ പുസ്തകത്തിന്റെ രചയിതാവുമായ റമീസ് മുഹമ്മദിന്റെ 'വെച്ചോ ഫൂട്ട്' മ്യൂസിക് ആല്‍ബം പുറത്തിറങ്ങി. ഉച്ചസ്ഥായിയില്‍ വലിഞ്ഞുമുറുകിയ സംഗീതനിമിഷങ്ങള്‍ സൃഷ്ടിക്കുന്ന ഗാനം റാപ്പ് ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്.
പറങ്കികള്‍തൊട്ടുള്ള അധിനിവേശ ശക്തികള്‍ക്കെതിരേയുള്ള മലബാറിന്റെ നൂറ്റാണ്ടുകള്‍ നീണ്ടു നില്‍ക്കുന്ന പോരാട്ടങ്ങളാണ് ആല്‍ബത്തിന്റെ പശ്ചാത്തലം.
ടു ഹോണ്‍ യൂട്യൂബ് ചാനലിലൂടെ സെപ്റ്റംബര്‍ മൂന്നിന് പുറത്തിറങ്ങിയ ആല്‍ബം ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിയെടുത്തിട്ടുണ്ട്.
ബ്രിട്ടീഷ് ഭരണാധികാരികളെ വിറപ്പിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയും ആലിമുസ്‌ലിയാരും മരക്കാര്‍മാരും മൊയിന്‍കുട്ടി വൈദ്യരും തുഹ്ഫ്തുല്‍ മുജാഹിദീനും തുടങ്ങി മലബാറിന്റെ അടയാളങ്ങളെല്ലാം ആല്‍ബത്തില്‍ മിന്നിമറയുന്നു.
'ചെകുത്താന്മാര്‍ അന്നുമിന്നുമുണ്ട് പിറകെ, ഇക്കടലും നമ്മള്‍ കടക്കും കുറുകെ..' എന്ന വരിയിലൂടെ അധിനിവേശത്തോടും അടിമത്തത്തോടും ആല്‍ബം നിലപാട് പ്രഖ്യാപിക്കുന്നു.
സിക്കന്തര്‍ നിര്‍മിക്കുന്ന ആല്‍ബത്തില്‍ ഹാരിസ് സലീം, ദബ്‌സീ, ലക്ഷ്മി മരിക്കാര്‍, പരിമള്‍ ഷായിസ് എന്നിവര്‍ അഭിനേതാക്കളായി എത്തുന്നു.
