ഇവരെയൊക്കെ വളര്‍ത്തിയെടുക്കുന്ന സംവിധാനത്തെക്കുറിച്ചാണ് ആലോചിക്കേണ്ടത്; സ്വര്‍ണക്കടത്ത് കേസില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് വി ടി ബല്‍റാം

Update: 2021-06-25 12:41 GMT

പാലക്കാട്: സ്വര്‍ണക്കടത്ത് കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഭവത്തില്‍ കനത്ത വിമര്‍ശനവുമായി മുന്‍ എംഎല്‍എ വി ടി ബല്‍റാം. ഇത്തരം ആളുകളെ വളര്‍ത്തിയെടുക്കുന്ന സംവിധാനത്തെക്കുറിച്ചാണ് ആലോചിക്കേണ്ടതെന്നാണ് ബല്‍റാമിന്റെ വിമര്‍ശനം. സൈബര്‍ സ്‌പേസില്‍ തനിക്കെതിരേ കനത്ത വിമര്‍ശനം അഴിച്ചുവിടുന്ന സൈബര്‍ പോരാളികളെയും ബല്‍റാം പരാമര്‍ശിക്കുന്നുണ്ട്.

'' ഇവരെയൊക്കെ വളര്‍ത്തിയെടുക്കുന്ന 'സംവിധാന''ത്തെക്കുറിച്ച് തന്നെയാണ് ഇനിയും ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റിട്ടുണ്ട്. എന്നാലും ഇന്ത്യന്‍ പൗരത്വം ഇപ്പോഴും നിലനിര്‍ത്തുന്നുണ്ടല്ലോ. ആ നിലക്കുള്ള സ്വാതന്ത്ര്യങ്ങള്‍ ഒരു സോഷ്യല്‍ മീഡിയ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും സാംസ്‌ക്കാരിക പരാദ ജീവികള്‍ക്കും മുന്‍പില്‍ അടിയറ വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല''- ബല്‍റാമിന്റെ പോസ്റ്റില്‍ പറയുന്നു.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതിയെന്ന് കസ്റ്റംസ് സംശയിക്കുന്ന അര്‍ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരുടെ ഫോട്ടോ സഹിതമാണ് ബല്‍റാമിന്റെ പോസ്റ്റ്. ഒരു ഫോട്ടോ അര്‍ജുന്‍ ആയങ്കി ചുവപ്പ് പരേഡില്‍ പങ്കെടുക്കുന്നതാണ്. മറ്റൊന്നില്‍ ഇരുവരും എകെജി സെന്ററിനുമുന്നില്‍ ഫോട്ടോക്ക് പോസ് ചെയ്യുന്നതും.

രാമനാട്ടുകരയില്‍ വാഹനാപകടവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസിലാണ് അര്‍ജുനെ കസ്റ്റംസ് തിരയുന്നത്. പ്രതിയുമായി ബന്ധമില്ലെന്ന് പാര്‍ട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിനു പിന്നാലെ തന്റെ പിഴവിന് പാര്‍ട്ടിയെ പഴി ചാരേണ്ടെന്ന വിമര്‍ശനവുമായി അര്‍ജുനും രംഗത്തുവന്നു.