'ഞങ്ങള്‍ക്കുള്ള ഭക്ഷണം ഞങ്ങളുടെ പക്കലുണ്ട്': ചര്‍ച്ചയ്ക്കിടയില്‍ സര്‍ക്കാര്‍ നല്‍കിയ ഭക്ഷണം നിരസിച്ച് കര്‍ഷകനേതാക്കള്‍

Update: 2020-12-03 13:16 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായി രണ്ടാംവട്ട ചര്‍ച്ചയ്ക്ക് പോയ കര്‍ഷക നേതാക്കള്‍ സര്‍ക്കാര്‍ നല്‍കിയ ഭക്ഷണം നിരസിച്ചു. സര്‍ക്കാര്‍ നല്‍കിയ ചായയും നേതാക്കള്‍ നിരസിച്ചുവെന്ന് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. കര്‍ഷക നേതാക്കള്‍ കയ്യില്‍ കരുതിയിരുന്ന ഭക്ഷണം പരസ്പരം പകര്‍ന്നുനല്‍കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഭക്ഷണം നിറച്ച ബോക്‌സുകളും കഴിക്കാനുള്ള പേപ്പര്‍ പ്ലേറ്റുകളും എല്ലാവരും പരസ്പരം പങ്കുവച്ചു.

കര്‍ഷക സംഘടനകളെ പ്രതിനിധീകരിച്ച് 40പേരാണ് വിജ്ഞാന്‍ ഭവനില്‍ എത്തിയത്. ഈ ആഴ്ചയില്‍ തന്നെ നടക്കുന്ന രണ്ടാമത്തെ ചര്‍ച്ചയാണ് ഇത്. എന്നാല്‍ സര്‍ക്കാര്‍ അഞ്ചാം വട്ട ചര്‍ച്ചയെന്നാണ് വിശേഷിപ്പിച്ചത്. സമരം നടക്കുന്നതിനു മുമ്പ് ഏതാനും കര്‍ഷക സംഘടനകളുമായി അനൗപചാരികമായ നടന്ന ആലോചനകളെയാണ് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയെന്ന് വിശേഷിപ്പിക്കുന്നത്.

ഡല്‍ഹിയലും ഡല്‍ഹി ഹരിയാന അതിര്‍ത്തിയിലും മറ്റുമായി തുടരുന്ന ഡല്‍ഹി ഛലോ മാര്‍ച്ച് ഇന്നത്തോടെ എട്ടാം ദിവസത്തേക്ക് കടന്നു. സമരം ചെയ്യുന്ന കര്‍ഷകര്‍ തങ്ങള്‍ക്ക് കഴിക്കാനാവശ്യമായ ഭക്ഷ്യധാന്യങ്ങളുമായാണ് ഡല്‍ഹിയിലെത്തിയത്. തങ്ങള്‍ എത്ര മാസം കഴിഞ്ഞാലും ആവശ്യം നിറവേറ്റാതെ തിരിച്ചുപോകില്ലെന്നാണ് ഇത് നല്‍കുന്ന സൂചന. അതേസമയം തുടക്കത്തില്‍ വളരെ ലഘുവായാണ് കേന്ദ്രം സമരത്തെ വീക്ഷിച്ചിരുന്നത്. വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷക സംഘടനകളും സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ പിന്തുണ പ്രഖ്യാപിച്ചതോടെ പ്രതിഷേധത്തെ സര്‍ക്കാര്‍ ഗൗരവത്തിലെടുത്തു.

ബുധനാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ, കൃഷിമന്ത്രിയെയും റയില്‍വേ മന്ത്രിയെയും കണ്ടിരുന്നു. തങ്ങളുടെ വകുപ്പുകളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ഇരുവര്‍ക്കും പുറമേ പഞ്ചാബില്‍ നിന്നുള്ള എംപിയും വ്യവസായ സഹമന്ത്രിയുമായ സോം പ്രകാശും ചര്‍ച്ച നടക്കുന്ന വിജ്ഞാന്‍ കേന്ദ്രയിലുണ്ട്.

ചര്‍ച്ച നടക്കുന്നതിനു മുന്നോടയായി അമിത് ഷാ പഞ്ചാബ് മുഖ്യമന്ത്രിയുമായും ആശയവിനിമയം നടത്തിയിരുന്നു. പ്രശ്‌നം വേഗം പരിഹരിക്കണമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആഭ്യന്തര മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. നിയമത്തോടുള്ള തന്റെ വിയോജിപ്പ് താന്‍ രേഖപ്പെടുത്തിയതായും നിലവിലെ അവസ്ഥ രാജ്യത്തിന്റെ സമ്പദ്ഘടനയെയും രാജ്യത്തിന്റെ സുരക്ഷയെയും ബാധിക്കുമെന്നും താന്‍ അഭിപ്രായപ്പെട്ടതായും അമരീന്ദര്‍ സിങ് പറഞ്ഞു.

കേന്ദ്രം പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയാണ് രാജ്യത്തെ മുപ്പതോളം കര്‍ഷക സംഘടനകളുടെ ഐക്യസമിതി സമരം പ്രഖ്യാപിച്ചത്.

Tags:    

Similar News