വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി; നാല് ആടുകളെ ആക്രമിച്ചു

Update: 2022-12-22 08:41 GMT

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. സുല്‍ത്താന്‍ ബത്തേരി പൂമല കരടിമൂലയില്‍ നാല് ആടുകളെ കടുവ ആക്രമിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് കടുവയിറങ്ങിയത്. പൂമലയിലെ പറമ്പത്ത് രാമകൃഷ്ണന്റെ മൂന്ന് ആടുകളെയും ചെറുപുഷ്പഗിരി ഫ്രാന്‍സിസിന്റെ ഒരു ആടിനെയുമാണ് കടുവ ആക്രമിച്ചത്. പുലര്‍ച്ചെ ആടുകളുടെ കരച്ചില്‍ കേട്ട് രാമകൃഷ്ണന്‍ തൊഴുത്തിനരികെ എത്തിയപ്പോഴാണ് കടുവയെ കണ്ടത്. ബഹളം വെച്ചതോടെ തൊഴുത്തില്‍ നിന്നും കടുവ പുറത്തേക്ക് ചാടി ഇരുട്ടിലേക്ക് മറഞ്ഞു.

ആക്രമണത്തില്‍ ആടുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവിടെ നിന്ന് അല്‍പം അകലെയുള്ള ഫ്രാന്‍സിസിന്റെ ആടിനെ അരമണിക്കൂറിന് ശേഷമാണ് കടുവ ആക്രമിച്ചത്. ഇതോടെ നാട്ടുകാര്‍ ആശങ്കയിലായി. വനപാലകര്‍ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. പരിക്കേറ്റ ആടുകളെ ബത്തേരി വെറ്ററിനറി ക്ലിനിക്കിലെത്തിച്ച് ചികില്‍സ നല്‍കി. ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയ വനപാലകര്‍ പ്രദേശത്ത് പട്രോളിങ് ശക്തമാക്കി. കടുവയെ എത്രയും വേഗം പിടികൂടണമെന്നാവശ്യപ്പെട്ട് പൂമലയില്‍ ജനങ്ങള്‍ പ്രതിഷേധത്തിലാണ്.

Tags: