ഡല്‍ഹിയില്‍ മാലിന്യക്കുഴിയില്‍ വിഷവാതകം; തൊഴിലാളി മരിച്ചു, മൂന്നുപേരുടെ നില ഗുരുതരം

Update: 2025-09-17 09:30 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ശുചീകരണ തൊഴിലാളി മരിച്ചു. ഉത്തര്‍പ്രദേശിലെ കാശ്ഗഞ്ച് സ്വദേശിയായ അരവിന്ദ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30ഓടെ അശോക് വിഹാറില്‍ വെച്ചായിരുന്നു അപകടം.

കുഴി തുറന്നപ്പോള്‍ പുറന്തള്ളിയ വിഷവാതകം ശ്വസിച്ചതോടെ അരവിന്ദനും കൂടെയുള്ള തൊഴിലാളികള്‍ക്കും ദേഹാസ്വസ്ഥം അനുഭവപ്പെടുകയായിരുന്നു. അരവിന്ദിനെ ഉടന്‍ ഡിഡിയു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സോനു, നാരായണ (കാശ്ഗഞ്ച്) നരേഷ് (ബിഹാര്‍) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ബിഎന്‍എസ് സെക്ഷന്‍ 106(1) (അശ്രദ്ധ മൂലമുള്ള മരണം), 289 (മനുഷ്യജീവന് അപകടമുണ്ടാക്കുന്ന തരത്തില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് അശ്രദ്ധമായി പ്രവര്‍ത്തിക്കുക), 337 (വ്യാജ രേഖകള്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് രേഖകള്‍ നിര്‍മിക്കുക), കൂടാതെ 2013ലെ തോട്ടിപ്പണി നിരോധന നിയമം പ്രകാരവും പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Tags: