ജലക്ഷാമം രൂക്ഷം: സൗത്ത് ഡല്‍ഹിയിലെ മൂന്നുമാളുകള്‍ അടച്ചുപൂട്ടിയേക്കും

Update: 2025-10-13 10:59 GMT

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ മുന്‍നിര മാളുകള്‍ കടുത്ത ജലക്ഷാമം നേരിടുകയാണ്. വസന്ത് കുഞ്ചിലെ ആംബിയന്‍സ് മാള്‍, ഡിഎല്‍എഫ് പ്രൊമെനേഡ്, ഡിഎല്‍എഫ് എംപോറിയോ എന്നീ മാളുകളാണ് പ്രതിസന്ധി നേരിടുന്നത്. ദിവസങ്ങളായി ഡല്‍ഹി ജലബോര്‍ഡിന്റെ വിതരണത്തില്‍ ഉണ്ടായ തടസ്സം മൂലം ടാങ്കുകള്‍ വറ്റിയതോടെ, മാളുകള്‍ താത്കാലികമായി അടച്ചിടാനുള്ള തീരുമാനം അധികൃതര്‍ പരിഗണിക്കുകയാണ്.

ഡല്‍ഹി ജലബോര്‍ഡില്‍ നിന്നുള്ള ജലവിതരണം ദിവസങ്ങളായി തടസ്സപ്പെട്ടതായും ടാങ്കുകള്‍ ഏതാണ്ട് കാലിയായതായും മൂന്നുമാളുകളുടെയും മാനേജ്മെന്റുകള്‍ സ്ഥിരീകരിച്ചു. സ്ഥിതിഗതികള്‍ വഷളായതിനാല്‍ ഏകദേശം 70 ശതമാനം ശുചിമുറികളും അടച്ചിട്ടിരിക്കുകയാണ്. കൂടാതെ റെസ്റ്റോറന്റുകളില്‍ അടിസ്ഥാന ശുചീകരണം പോലും നടത്താന്‍ പാടുപെടുന്നതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ആക്‌സസറികള്‍, വാച്ചുകള്‍ തുടങ്ങിവയിലെ ജനപ്രിയ ബ്രാന്‍ഡുകളാണ് ഈ മാളുകളില്‍ പ്രവര്‍ത്തിക്കുന്നത്. രാത്രി ജീവിതത്തിനും ഷോപ്പിംഗ് ഓപ്ഷനുകള്‍ക്കും ഏറെ ആശ്രയിക്കുന്ന സൗത്ത് ഡല്‍ഹിയിലെ മുന്‍നിരമാളുകളാണിത്. സാധാരണ നിലയില്‍ ജല വിതരണം എപ്പോള്‍ പുനരാരംഭിക്കുമെന്ന് ഡല്‍ഹി ജലബോര്‍ഡ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രതിസന്ധി കൂടുതല്‍ വഷളാകുമെന്ന് ആഭ്യന്തര വൃത്തങ്ങള്‍ പറയുന്നു.

Tags: