വരള്‍ച്ചയും കൊവിഡും ചതിച്ചു; ദന്തേവാഡയില്‍ ഗ്രാമീണര്‍ കുടിക്കുന്നത് മലിനജലം

Update: 2020-06-13 03:41 GMT

ദന്തേവാഡ: വരള്‍ച്ച അങ്ങേയറ്റത്തെത്തുകയും കൊവിഡ് പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തതോടെ ദന്തേവാഡയിലെ ഗ്രാമീണര്‍ക്ക് കുടിക്കാന്‍ ശേഷിക്കുന്നത് മലിനജലം മാത്രം. ദന്തേവാഡയിലെ പഖനച്ചുവ പഞ്ചായത്തില്‍ നിന്നാണ് മലിനമാക്കപ്പെട്ട വെളളം കുടിച്ച് ഗ്രാമീണര്‍ ജീവിക്കുന്നവെന്ന റിപോര്‍ട്ട് പറത്തുവന്നിരിക്കുന്നത്. ദന്തേവാദ ജില്ലാ ആസ്ഥാനത്തുനിന്ന് 50 കിലോമീറ്റര്‍ അകലെയാണ് പഖനച്ചുവ പഞ്ചായത്ത്.

നേരത്തെ പഖനച്ചുവ പഞ്ചായത്ത് ബഡേഗുദ്ര ഗ്രാമപഞ്ചായത്തിന്റെ ഭാഗമായിരുന്നു. പുതിയ പഞ്ചായത്ത് രൂപീകരിച്ചശേഷവും തങ്ങള്‍ പഞ്ചായത്ത് അധികൃതരോട് കുടിവെളള ക്ഷാമത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്ന് ഗ്രാമീണര്‍ പറയുന്നു. രണ്ട് കുഴല്‍ക്കിണറുകളില്‍ നിന്നാണ് ഗ്രാമീണര്‍ വെള്ളമെടുക്കുന്നത്. വരള്‍ച്ച കനത്തതോടെ രണ്ടിലെയും വെള്ളം താഴ്ന്ന വിതാനത്തിലെത്തി.

ഗ്രാമത്തില്‍ 800 കുടുംബങ്ങളാണ് ഉള്ളത്. നിലവിലുള്ള കുഴല്‍ക്കിണറുകളില്‍ നിന്നാണ് മൃഗങ്ങളും മറ്റ് ജീവജാലങ്ങള്‍ക്കും വെള്ളം ശേഖരിക്കുന്നത്. മലിനജലം പോലും ആവശ്യത്തിനില്ലെന്നാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്‍ പറയുന്നത്. പാര്‍ട്ടികള്‍ വോട്ട് ചോദിക്കാന്‍ മാത്രമാണ് ഗ്രാമത്തിലെത്താറെന്നും ഗ്രാമീണര്‍ കുറ്റപ്പെടുത്തുന്നു.

മലിനജലം കുടിക്കേണ്ടി വന്ന അവസ്ഥയെ കുറിച്ച് സാമൂഹികപ്രവര്‍ത്തകര്‍ ദന്തേവാഡ കലക്ടറെ അറിയിച്ചതിനെ തുടര്‍ന്ന് വില്ലേജ് അധികൃതരോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കുഴല്‍കിണറിന്റെ ഡ്രില്ലിങ് പണികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും തീരുന്നതിനനുസരിച്ച് കുടിവെള്ളക്ഷാമത്തിന് അറുതിയാവുമെന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നു.