ജലനിരപ്പ് ഉയര്‍ന്നു; കക്കയം ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Update: 2022-08-09 00:55 GMT

കോഴിക്കോട്: കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 757.34 മീറ്ററാണ് നിലവിലെ ജലനിരപ്പ്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ഇപ്പോഴും തുടരുകയാണ്. ഇതേ തോതില്‍ മഴ തുടരുകയാണെങ്കില്‍ ഡാമിന്റെ റെഡ് അലര്‍ട്ട് ലെവലായ 757.50 മീറ്റര്‍ എത്താനിടയുണ്ട്. ഈ സാഹചര്യത്തില്‍ ഡാമില്‍ നിന്നും ഇന്ന് രാവിലെ എട്ട് മണി മുതല്‍ വെള്ളം തുറന്നുവിടാന്‍ സാധ്യതയുണ്ടെന്ന് കെഎസ്ഇബി തരിയോട് ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ഡാമിലെ നീരൊഴുക്ക് അനുസരിച്ചാണ് ഓറഞ്ച് അലര്‍ട്ട് മാറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ എട്ടുമണി മുതല്‍ ജലസംഭരണിയില്‍നിന്നും ഘട്ടം ഘട്ടമായി ഷട്ടര്‍ ഒരു അടിവരെ ഉയര്‍ത്തി 25 ഘനമീറ്റര്‍ / സെക്കന്റ് എന്ന നിരക്കില്‍ ജലം ഒഴുക്കി വിടും. പുഴയിലെ ജലനിരപ്പ് അര അടിവരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ കുറ്റിയാടി പുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് തരിയോട് ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Tags: