ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി

Update: 2022-08-09 03:49 GMT

ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. ആര്‍ 1, ആര്‍ 2, ആര്‍ 3 എന്നീ ഷട്ടറുകളാണ് രാവിലെ എട്ടുമണി മുതല്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി ജലം ഒഴുക്കിവിടാന്‍ തുടങ്ങിയത്. ആകെ 8,626 ഘനയടി ജലമാണ് പുറത്തേക്കൊഴുക്കുന്നത്. നിലവില്‍ തുറന്നിരിക്കുന്ന 10 ഷട്ടറുകള്‍ക്ക് പുറമേയാണിത്. ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മഞ്ചുമല കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം തുറന്നു.

പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ മഞ്ചുമല, ആറ്റോരം, കടശ്ശികടവ്, കറുപ്പുപാലം എന്നിവിടങ്ങളിലെ പല വീടുകളിലും വെള്ളം കയറി. ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജലനിരപ്പില്‍ കാര്യമായ കുറവുണ്ടാവാത്തതിനാല്‍ സ്പില്‍വേ ഷട്ടര്‍ വഴി തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടും. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139.55 അടിയായി. ഡാമിലെ 10 ഷട്ടറുകളും തുറന്നിരിക്കുകയാണ്.

10 ഷട്ടറുകള്‍ 90 സെ.മീ അധികമായി ഉയര്‍ത്തി 7,246 ഘനയടി വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്. വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതും നീരൊഴുക്ക് വര്‍ധിച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഇടുക്കിയില്‍ ജലനിരപ്പ് 2386.90 അടിയിലെത്തി. മുല്ലപ്പെരിയാറില്‍ നിന്നൊഴുക്കുന്ന ജലം കൂടിയെത്തിയതോടെ ഇടുക്കി ഡാമിലും ജലനിരപ്പ് ഉയര്‍ന്നു. 2386.46 അടി വെള്ളമാണ് ഇടുക്കി ഡാമിലുള്ളത്.

2386.86 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഡാമുകളിലേക്കുള്ള നീരൊഴുക്കും ശക്തമാണ്. മുഴുവന്‍ ഷട്ടറുകളും തുറന്നിട്ടും ഡാമുകളില്‍ ജലനിരപ്പ് താഴുന്നില്ല. പെരിയാറിന്റെ തീരപ്രദേശങ്ങളില്‍ വെള്ളം ക്രമാതീതമായി ഉയരുകയാണ്. ഇടുക്കി തടിയമ്പാട് ചപ്പാത്തിന് മുകളിലൂടെയാണ് വെള്ളം ഒഴുകുന്നത്. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. സമീപത്തെ വീടുകളിലും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്.

തടിയമ്പാട് ചപ്പാത്തില്‍ ഒരു വീടിന്റെ മതില്‍ ഇടിഞ്ഞു. നിലവില്‍ മൂന്ന് ലക്ഷം ലീറ്റര്‍ വെള്ളമാണ് സെക്കന്റില്‍ ഒഴുക്കുന്നത്. പത്ത് മണിയോടെ കൂടുതല്‍ വെളളം ഒഴുക്കാന്‍ ഇന്നലെ തീരുമാനിച്ചിരുന്നു. സെക്കന്റില്‍ അഞ്ച് ലക്ഷം ലിറ്ററായി ഉയര്‍ത്താനായിരുന്നു തീരുമാനം. എന്നാല്‍, വീടുകളില്‍ വെളളം കയറിയതോടെ ഇനി കൂടുതലായി വെള്ളം ഒഴുക്കണോ എന്നതില്‍ വീണ്ടും യോഗം ചേര്‍ന്നാവും അന്തിമതീരുമാനമെടുക്കുക.

Tags:    

Similar News