കോഴിക്കോട്: മാലിന്യ സംസ്‌കരണ രംഗത്ത് അതിനൂതനവും ശാസ്ത്രീയവുമായി ജൈവ മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന 'വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് ' പ്ലാന്റ് കോഴിക്കോട് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നു. 300 കോടി രൂപ ചിലവഴിച്ച് സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി. ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥിതിചെയ്യുന്ന ഞെളിയന്‍ പറമ്പിലുള്ള 12.47 ഏക്കറിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. നിര്‍മ്മാണം ആഗസ്റ്റില്‍ ആരംഭിക്കുമെന്ന് മേയര്‍ ഡോ. ബീന ഫിലിപ്പ് അറിയിച്ചു.
പ്ലാന്റിന് 2020 ജനുവരിയില്‍ തറക്കല്ലിട്ടിരുന്നു. നിര്‍മാണത്തിനാവശ്യമായ അനുമതികളെല്ലാം ലഭിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള സോണ്ട ഇന്‍ഫോടെക് മേല്‍നോട്ടം വഹിക്കും. പദ്ധതിയുടെ നടത്തിപ്പിനായി രൂപീകരിച്ച 'മലബാര്‍ വേസ്റ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ' കമ്പനിയ്ക്കാണ് പ്ലാന്റിന്റെ നിര്‍മ്മാണ ചുമതല. സ്ഥലം ഒരുക്കുന്ന പ്രവര്‍ത്തി പുരോഗമിക്കുകയാണ്.
പദ്ധതിയിലൂടെ ദിവസേന 450 ടണ്‍ ജൈവ- അജൈവ മാലിന്യങ്ങള്‍ ബയോ മെത്തനൈസേഷന്‍, ഇന്‍സിനറേഷന്‍ പ്രക്രിയകളിലൂടെ സംസ്‌കരിച്ച് പ്രതിദിനം ആറ് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിയാണിത്. ഇങ്ങനെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി യൂണിറ്റിന് 6.81 രൂപയ്ക്ക് കെ.എസ്.ഇ.ബി വാങ്ങാമെന്ന് ധാരണയായിട്ടുണ്ട്. പദ്ധതിയുടെ സാങ്കേതിക ഉപദേഷ്ടാവ് കെഎസ്‌ഐഡിസി എന്ന സ്ഥാപനമാണ് . മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പ്ലാന്റാണ് കെഎസ്‌ഐഡിസി മുഖേന കോഴിക്കോട് സ്ഥാപിക്കുന്നത്. 2023 സെപ്റ്റംബര്‍ മാസത്തോടു കൂടി പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
ജൈവ - അജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള ഏറ്റവും നൂതനവും ശാസ്ത്രീയവുമായ കണ്‍ട്രോള്‍ഡ് കമ്പ്യൂഷന്‍ ടെക്‌നോളജിയാണ് ഉപയോഗിക്കുന്നത്. മാലിന്യം ശേഖരിക്കാന്‍ പ്രത്യേകമായി ഡിസൈന്‍ ചെയ്ത വാഹനങ്ങള്‍ ഉപയോഗിക്കും. കോഴിക്കോട് നഗരസഭയെ കൂടാതെ സമീപ നഗരസഭകളായ രാമനാട്ടുകര, ഫറൂഖ്, കൊയിലാണ്ടി, ഒളവണ്ണ, കുന്ദമംഗലം, കടലുണ്ടി എന്നിവിടങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഈ പദ്ധതി നടപ്പിലാവുന്നതോടെ കോഴിക്കോട് കോര്‍പ്പറേഷന്റെയും സമീപപ്രദേശത്തുമുള്ള ആറ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകും.

