ഇൻസുലിൻ കയ്യിൽ സൂക്ഷിച്ചതിന് മാഞ്ചസ്റ്റർ എയർപോർട്ട് അധികൃതർ അപമാനിച്ചുവെന്ന് പാക് ഇതിഹാസം വസീം അക്രം

Update: 2019-07-24 11:04 GMT

മാഞ്ചസ്റ്റർ: പ്രമേഹത്തിനായുള്ള ഇൻസുലിൻ സൂക്ഷിക്കുന്ന ബാഗ് കൈവശം വച്ചതിന് ഇം​ഗ്ലണ്ടിലെ മാഞ്ചസ്റ്റർ വിമാനത്താവള അധികൃതർ അപമാനിച്ചെന്ന് മുൻ പാക് ഇതിഹാസം വസീം അക്രം. വിമാനത്താവളത്തിലെത്തിയ തന്നോട് ഇൻസുലിൻ കൈവശം വച്ചതിന് മറ്റുള്ളവരുടെ മുമ്പിൽ വച്ച് ചോദ്യം ചെയ്തുവെന്നും ബാഗിലുള്ളതെല്ലാം പുറത്തേക്ക് ഇടണമെന്ന് ആജ്ഞാപിച്ചതായും അക്രം പറയുന്നു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താൻ നേരിട്ട അപമാനത്തെക്കുറിച്ച് വസീം അക്രം തുറന്നടിച്ചത്.


'എനിക്ക് അങ്ങേയറ്റം ഹൃദയവേദന ഉണ്ടാകുന്ന ഒരു കാര്യമാണ് മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ വച്ച് ഇന്നുണ്ടായത്. ഞാൻ ഇൻസുലിൻ ബാഗും കൊണ്ടാണ് ലോകമാകമാനമുള്ള എന്റെ യാത്രകൾ നടത്തുന്നത്. എന്നാൽ അതിന്റെ പേരിൽ ഇതുവരെ ഇങ്ങനെ നാണം കെടേണ്ടി വന്നിട്ടില്ല. ഞാൻ അങ്ങേയറ്റം അപമാനിക്കപ്പെട്ടു. വളരെ മോശമായാണ് വിമാത്താവളത്തിലെ ജീവനക്കാർ എന്നെ ചോദ്യം ചെയ്തത്. ട്രാവൽ കോൾഡ് കേസിനകത്തുള എന്റെ ഇൻസുലിൻ ബാഗിലെ സാധനങ്ങളെല്ലാം പുറത്തെടുക്കാൻ ആവശ്യപ്പെട്ട അവർ അതെല്ലാം ഒരു പ്ലാസ്റ്റിക്ക് കവറിലേക്കിട്ടു.' വസീം അക്രം തന്റെ ട്വീറ്റിൽ പറയുന്നു.

അക്രമിന്റെ ട്വീറ്റ് വിവാദമായതോടെ ഇതിന് മറുപടിയുമായി മാഞ്ചസ്റ്റർ വിമാനത്താവള അധികൃതർ രംഗത്തെത്തി. ഈ സംഭവം തങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയതിനു ആദ്യം നന്ദി അറിയിച്ച വിമാനത്താവള അധികൃതർ അക്രമിനുണ്ടായ മോശം അനുഭവത്തെ കുറിച്ച് പരാതി നൽകാനും ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ തങ്ങൾ അന്വേഷണം നടത്തുമെന്നും അധികൃതർ വസീം അക്രമിന് ഉറപ്പ് നൽകി.