സംസ്ഥാനത്ത് ചൂട് ശക്തം; പൊതുജനങ്ങള്‍ക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രത നിര്‍ദേശം

Update: 2026-02-13 10:43 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം ഉള്‍പ്പെടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പകല്‍ 11 മുതല്‍ മൂന്നു വരെ നേരിട്ട് സൂര്യപ്രകാശത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കണമെന്നും നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയും പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുകയും പാദരക്ഷകള്‍ ധരിക്കുകയും ചെയ്യണം.

പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉള്‍പ്പെടുത്തുകയും ഒആര്‍എസ് ലായനി പോലുള്ള ദ്രാവകങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നത് ഉചിതമാണെന്ന് നിര്‍ദേശം പറയുന്നു. മാര്‍ക്കറ്റുകള്‍, വലിയ കെട്ടിടങ്ങള്‍, മാലിന്യ ശേഖരണ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തീപിടിത്ത സാധ്യത വര്‍ധിക്കാനിടയുള്ളതിനാല്‍ ഫയര്‍ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കുകയും വേണം.

വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും കാട്ടുതീ വ്യാപന സാധ്യത കണക്കിലെടുത്ത് പ്രത്യേകം ജാഗ്രത പാലിക്കണം. വനംവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി അനുസരിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശുദ്ധജലവും ക്ലാസ്സ് മുറികളില്‍ വായുസഞ്ചാരവും ഉറപ്പാക്കണം. പരീക്ഷാ കാലയളവില്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കേണ്ടതാണ്. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. കൂടുതല്‍ വെയില്‍ ഏല്‍ക്കുന്ന അസംബ്ലികളും പരിപാടികളും ഒഴിവാക്കുകയോ സമയക്രമം മാറ്റുകയോ ചെയ്യണം. 11 മുതല്‍ 3 വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കാത്ത വിധം ക്രമീകരണം നടത്തണമെന്ന് നിര്‍ദേശം.

അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാതിരിക്കാന്‍ പഞ്ചായത്ത് അധികൃതരും ജീവനക്കാരും നടപടികള്‍ സ്വീകരിക്കണം. പ്രായമായവര്‍, ഗര്‍ഭിണികള്‍, കിടപ്പ് രോഗികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ തൊഴിലാളികള്‍, മാധ്യമപ്രവര്‍ത്തകര്‍, പോലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങി പുറംപ്രവര്‍ത്തനങ്ങളിലുള്ളവര്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. കുടിവെള്ളം ലഭ്യമാക്കുകയും ആവശ്യമായ വിശ്രമം ഉറപ്പാക്കുകയും വേണം.

പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ആവശ്യമായ തണലും കുടിവെള്ളവും ഒരുക്കണം. ഉച്ചസമയം സമ്മേളനങ്ങള്‍ പരമാവധി ഒഴിവാക്കുന്നത് ഉചിതമാണെന്ന് നിര്‍ദേശം പറയുന്നു. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങിയവര്‍ ജോലി സമയം ക്രമീകരിക്കുകയും ഇടവേളകളില്‍ വിശ്രമം ഉറപ്പാക്കുകയും വേണം.

ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും വളര്‍ത്തുമൃഗങ്ങളെ വാഹനങ്ങളില്‍ ഒറ്റയ്ക്ക് വിടുന്നതും ഒഴിവാക്കണം. ജലം പാഴാക്കാതെ ഉപയോഗിക്കുകയും മഴ ലഭിക്കുമ്പോള്‍ സംഭരിക്കുകയും ചെയ്യണം. അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഉടന്‍ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും വേണം.

കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ച് പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

Tags: