വാരിയംകുന്നത്തിന്റെ ടെലി സിനിമ 'രണഭൂമി' റിലീസിനൊരുങ്ങി

Update: 2020-06-27 09:13 GMT

പെരിന്തല്‍മണ്ണ: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന സിനിമപ്രഖ്യാപന വിവാദങ്ങള്‍ക്കിടെ സ്വന്തം നാട്ടിലെ സ്വാതന്ത്ര്യസമര പോരാളിയുടെ പേരില്‍ ടെലിസിനിമ പുറത്തിറക്കാനൊരുങ്ങുകയാണ് പാണ്ടിക്കാട്ടെ ഒരുപറ്റം യുവാക്കള്‍. വിവാദങ്ങള്‍ക്ക് മുമ്പേ മലബാറിന്റെ കഥ പറയുന്ന 'രണഭൂമി' എന്ന സിനിമ അണിയറയില്‍ ഒരുങ്ങിയിരുന്നു.

പുതുമുഖങ്ങളെ അണിനിരത്തി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ ട്രെയിലര്‍ മേയ് അവസാനത്തോടെയാണ് റിലീസ് ചെയ്തത്. പാണ്ടിക്കാട്ടുകാരനായ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്ര സിനിമയൊരുക്കുന്നത് നാട്ടുകാര്‍ തന്നെയാണ്. അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തന മേഖലയായ പാണ്ടിക്കാടിനെ ഇഴചേര്‍ത്താണ് അവതരിപ്പിക്കുന്നത്. നവാഗതനായ ഷഹബാസ് പാണ്ടിക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചരിത്രസിനിമയാണ് രണഭൂമി. ബ്രിട്ടീഷുകാര്‍ക്കെതിരേയും ജന്മിമാര്‍ക്കെതിരേയും പോരാടിയ ചരിത്രപുരുഷന്റെ ജീവിതം അഭ്രപാളിയിലെത്തുന്നത് അണിയറ പ്രവര്‍ത്തകരുടെ മൂന്ന് വര്‍ഷത്തെ ശ്രമഫലമായാണ്.

പാണ്ടിക്കാട് ഒറവംപുറം പുഴയുടെ പരിസരങ്ങളിലും ഒടോംപറ്റയിലുമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. നാല് പാട്ട് ഉള്‍പ്പെടെ ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള സിനിമ സോഷ്യല്‍മീഡിയ വഴി ജൂലൈ ആദ്യവാരം റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ഷഹബാസ് പാണ്ടിക്കാട് പറഞ്ഞു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന നായക കഥാപാത്രത്തെ ബിജുലാല്‍ കോഴിക്കോട് അവതരിപ്പിക്കുന്നു. ഡൂഡ്‌സ് ക്രിയേഷന്റെ ബാനറില്‍ മുബാറക്കാണ് ചിത്രം നിര്‍മിക്കുന്നത്. അസര്‍ മുഹമ്മദാണ് ഛായാഗ്രഹണം. ഒ എം. കരുവാരകുണ്ടിന്റെ വരികള്‍ക്ക് മുഹസിന്‍ കുരിക്കള്‍, ഷിഫ്ഖാത്ത് റാഫി എന്നിവര്‍ ചേര്‍ന്ന് സംഗീതം നല്‍കിയിരിക്കുന്നു. എല്‍വിസ് സ്റ്റീവ് കൊല്ലം ആണ് സംഘട്ടനം.

Tags:    

Similar News