പോര് മുറുകുന്നു: മഹാരാഷ്ട്രയില്‍ അവിശ്വാസപ്രമേയ സാധ്യത തേടി വിമതര്‍

Update: 2022-06-28 05:31 GMT

മുംബൈ: അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് തടയണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആവശ്യം നിരസിച്ച സുപ്രിംകോടതിവിധി പുറത്തുവന്നതോടെ നിലവിലെ സര്‍ക്കാരിനെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ ശിവസേനവിമതര്‍ ഊര്‍ജ്ജിതമാക്കി. ഭരണഘടനാ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനാണ് ശ്രമം. വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ ഇതിനകം ഭരണഘടനാവിദഗ്ധരുമായി ചര്‍ച്ച നടത്തിയതായി റിപോര്‍ട്ടുണ്ട്.

അവിശ്വാസം അവതരിപ്പിച്ച് പാസായല്‍ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകളും ഒപ്പം പുരോഗമിക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി വിമതര്‍ മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയില്‍ ചര്‍ച്ച നടത്തി. ഷിന്‍ഡെ വിഭാഗവുമായി ചേര്‍ന്നാല്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയും. ഷിന്‍ഡെയുടെ ഭാഗത്തുനിന്നുണ്ടാകുന്ന സര്‍ക്കാര്‍ രൂപീകരണശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്.

ഷിന്‍ഡെക്കും 15 എംഎല്‍എമാര്‍ക്കും ഡെപ്യൂട്ടി സ്പീക്കറുടെ അയോഗ്യതാ നോട്ടിസ് ലഭിച്ചിരുന്നു. ഇതിനെതിരേ വിമതര്‍ നല്‍കിയ ഹരജയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്കും ചീഫ് വിപ്പിനും ശിവസേന ലജിസ്‌ളേറ്റീവ് പാര്‍ട്ടി നേതാവിനും കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. നോട്ടിസിന് മറുപടി നല്‍കാന്‍ ജൂലൈ 12വരെ സമയം നീട്ടിനല്‍കുകയും ചെയ്തു.

ഡെപ്യൂട്ടി സ്പീക്കര്‍ നരഹരി സിര്‍വാള്‍ കഴിഞ്ഞയാഴ്ചയാണ് ഏകനാഥ് ഷിന്‍ഡെയ്ക്കും മറ്റ് 15 വിമത എംഎല്‍എമാര്‍ക്കും അയോഗ്യതാ നോട്ടിസ് നല്‍കിയത്. അയോഗ്യതാ നോട്ടിസ് പോലുള്ളവയില്‍ തീരുമാനമെടുക്കുംവരെ അവിശ്വാസപ്രമേയ അനുമതി നല്‍കരുതെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതാണ് കോടതി തള്ളിയത്. അഭിഭാഷകനായ ദേവ്ദത്ത് കാമത്താണ് ഉദ്ദവ് സര്‍ക്കാരിനുവേണ്ടി ഹാജരായത്. എന്തെങ്കിലും നിയമവിരുദ്ധപ്രവര്‍ത്തനം കണ്ടാല്‍ കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

ഈ ആഴ്ച തന്നെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോശിരായി ഉദ്ദവ് സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ സാധ്യതയുണ്ട്. തനിക്കൊപ്പം 50 എംഎല്‍എമാരുണ്ടെന്നാണ് ഷിന്‍ഡെയുടെ അവകാശവാദം.

Similar News